IPL 2025: ഐപിഎൽ 2025 സീസൺ ഉപേക്ഷിക്കുന്നു?

ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഓരോ മാച്ചും ഏറെ നിർണായകമായി മാറിയിരുന്നു.
IPL 2025: ഐപിഎൽ 2025 സീസൺ ഉപേക്ഷിക്കുന്നു?
Published on: 
Updated on: 


ജമ്മു കശ്മീരിന് നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം ഉപേക്ഷിച്ചത്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ധരംശാലയിലാണ് മത്സരം നടന്നത്. ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ഓരോ മാച്ചും ഏറെ നിർണായകമായി മാറിയിരുന്നു.



എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തുറന്ന സംഘർഷത്തിലേക്ക് നീങ്ങിയതോടെ രാജ്യത്ത് ഐപിഎൽ സംഘാടനം സംബന്ധിച്ച് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. പഞ്ചാബ്-ഡൽഹി മത്സരം ഇടയ്ക്ക് വെച്ച് നിർത്തിയതും കാണികളെ കൂട്ടത്തോടെ ഒഴിപ്പിച്ചതും വലിയ ആശങ്കയാണ് കാണികൾക്കിടയിൽ സൃഷ്ടിച്ചത്. 23,000ത്തിനടുത്ത് കപ്പാസിറ്റിയുള്ള ഗ്രൗണ്ടിൽ 80 ശതമാനത്തോളം കാണികൾ വ്യാഴാഴ്ച സന്നിഹിതരായിരുന്നു.



ആദ്യ ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് തകരാറെന്ന രീതിയിലാണ് കാണികളെ ഒഴിപ്പിക്കാൻ ശ്രമം നടന്നത്. പിന്നീടാണ് യഥാർഥ ഭീഷണി പാക് സൈന്യം ജമ്മു കശ്മീരിന് നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ചിയർ ഗേൾസ് ഉൾപ്പെടെയുള്ളവർ ഭയാശങ്കയിൽ സ്റ്റേഡിയം വിടുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ഐപിഎൽ നടത്തിപ്പിനെ സംബന്ധിച്ച് ബിസിസിഐയ്ക്ക് മുന്നിൽ വലിയ ആശങ്കയാണുള്ളത്. ടൂർണമെൻ്റിൻ്റെ ബാക്കി എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് അവർ. രാജ്യത്ത് ഐപിഎൽ നടത്താനാവാത്ത സ്ഥിതി വന്നാൽ യുഎഇ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ടൂർണമെൻ്റ് മാറ്റേണ്ടതായി വരും. ഇന്ത്യയിൽ തുടരാൻ വിദേശതാരങ്ങൾ ഉൾപ്പെടെ വിസമ്മതിച്ചാൽ ടൂർണമെൻ്റിൻ്റെ നടത്തിപ്പ് ആകെ അവതാളത്തിലാകാനും സാധ്യതയുണ്ട്. മറ്റൊരു ഘട്ടത്തിലേക്ക് ടൂർണമെൻ്റ് നീട്ടിവെക്കുന്ന ടീമുകളുടെ അന്താരാഷ്ട്ര മത്സര ഷെഡ്യൂളുകളെയും തകിടം മറിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com