
വിജയവഴിയിലേക്ക് തിരികെ എത്തി നിലവിലെ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 80 റൺസിനായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയുടെ വിജയം. കെകെആർ ഉയർത്തിയ 201 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് 16.4 ഓവറിൽ 120 റൺസെടുത്ത് ഓൾ ഔട്ടായി.
വെങ്കിടേഷ് ഐയ്യർ (60), അങ്ക്രിഷ് രഘുവംശി (50) എന്നിവരുടെ അർധ സെഞ്ചുറികളുടെ ബലത്തിലാണ് കൊൽക്കത്തയുടെ ടീം ടോട്ടൽ 200 കടന്നത്. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച കൊൽക്കത്തയുടെ സ്കോർ 14ൽ എത്തിയപ്പോൾ ആദ്യ വിക്കറ്റ് വീണു. രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് ഒരു റൺ മാത്രമെടുത്ത ഓപ്പണർ ക്വിന്റൺ ഡി കോക്ക് ഔട്ടായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ സീഷൻ അൻസാരിക്ക് ക്യാച്ച് നൽകുകയായിരുന്നു. സ്കോർ 16ൽ എത്തിയപ്പോൾ സുനിൽ നരേനും (7) മടങ്ങി. മുഹമ്മദ് ഷമ്മിക്കായിരുന്നു വിക്കറ്റ്. 27 പന്തിൽ 38 റൺസെടുത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അങ്ക്രിഷ് രഘുവംശിയുമായി ചേർന്ന് ടീം സ്കോർ ഉയർത്താൻ ശ്രമിച്ചു. 11-ാം ഓവറിൽ അൻസാരിയുടെ പന്തിൽ ക്ലാസെന്‍റെ ക്യാച്ചില്‍ അജങ്ക്യ രഹാനെ പുറത്തായി. പിന്നാലെ 13-ാം ഓവറിൽ രഘുവംശിയുടെ വിക്കറ്റും നഷ്ടമായി. നാലിന് 106 എന്നായിരുന്നു അപ്പോൾ ടീം സ്കോർ. രഘുവംശി നിർത്തിയിടത്തു നിന്ന് വെങ്കിടേഷ് കത്തികയറി. 29 പന്തിൽ 60 റൺസാണ് വെങ്കിടേഷ് ഐയ്യർ അടിച്ചെടുത്തത്. ഏഴ് ഫോറും മൂന്ന് സിക്സും അടിച്ച വെങ്കിടേഷിന്റെ സ്ട്രൈക് റേറ്റ് 206.89 ആയിരുന്നു. റിങ്കു സിങ്ങും തിളങ്ങിയപ്പോൾ ടീം ടോട്ടൽ 200 കടന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൺറൈസേഴ്സിനെ രണ്ടാം പന്തിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ആദ്യ പന്തിൽ ഫോറടിച്ച ട്രാവിസ് ഹെഡിനെ (4) വൈഭവ് അറോറയാണ് പുറത്താക്കിയത്. അഭിഷേക് ശർമ (2), ഇഷാൻ കിഷൻ (2), നിതാഷ് കുമാർ റെഡ്ഡി (19), പാറ്റ് കമ്മിൻസ് (14) എന്നിവർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. 33 റൺസെടുത്ത ഹെൻറിച്ച് ക്ലാസെനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.
കൊൽക്കത്ത് നൈറ്റ് റൈഡേഴ്സിന് വേണ്ടി വൈഭവ് അറോറ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അന്ദ്രേ റസൽ രണ്ട് വിക്കറ്റുകളാണ് എടുത്തത്. സുനിൽ നരേൻ (1), ഹർഷിത് റാണ (1) എന്നിവരുടെ പിന്തുണ കൂടി ഇവർക്ക് ലഭിച്ചതാണ് കൊൽക്കത്തയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.