
വനിന്ദു ഹസരങ്കയുടേയും ജോഫ്ര ആർച്ചറിൻ്റേയും മാരക സ്പെല്ലുകളുടെ കരുത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് റൺസിന് വീഴ്ത്തി ഈ ഐപിഎൽ സീസണിലെ ആദ്യ ജയം പിടിച്ചെടുത്ത് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 81 റൺസെടുത്ത നിതീഷ് റാണയും നാലു വിക്കറ്റെടുത്ത വനിന്ദു ഹസരങ്കയുമാണ് രാജസ്ഥാൻ്റെ വിജയശിൽപ്പികൾ.
ചെന്നൈയ്ക്കായി റുതുരാജ് ഗെയ്‌ക്‌വാദ് (44 പന്തിൽ 63), രവീന്ദ്ര ജഡേജ (32), രാഹുൽ ത്രിപാഠി (23), ധോണി (16) എന്നിവർക്ക് മാത്രമെ കാര്യമായി സംഭാവനകൾ നൽകാനായുള്ളൂ. അവസാന ഓവറിൽ ധോണിയെ പുറത്താക്കിയ സന്ദീപ് ശർമയാണ് സൂപ്പർ സൺഡേയിലെ ചെന്നൈയുടെ സന്തോഷം തല്ലിക്കെടുത്തിയത്.
നേരത്തെ ടോസ് നേടിയ ചെന്നൈ നായകൻ രാജസ്ഥാനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജയ്‌സ്വാൾ നാലു റൺസുമായി മടങ്ങിയപ്പോൾ സഞ്ജു സാംസണും (20) നിതീഷ് റാണയും (81) റിയാൻ പരാഗും (37) ചേർന്നാണ് രാജസ്ഥാനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
സെഞ്ച്വറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും, അശ്വിൻ എറിഞ്ഞ 12ാം ഓവറിലെ മൂന്നാം പന്തിൽ കൂറ്റനടിക്കായി ക്രീസ് വിട്ടിറങ്ങിയ നിതീഷ് റാണയെ മഹേന്ദ്ര സിങ് ധോണി സ്റ്റംപ് ചെയ്തു. വാലറ്റത്ത് ഹെറ്റ്മെയർ (19) ഒഴികെ മറ്റാർക്കും കാര്യമായ സംഭാവനകൾ നൽകാനായില്ല. ചെന്നൈയ്ക്ക് വേണ്ടി ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്, മതീഷ പതിരന എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. അശ്വിനും ജഡേജയും ഓരോ വിക്കറ്റെടുത്തു.