
ഐപിഎല്ലിൽ ജയം തുടരാൻ ഇറങ്ങിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ മികച്ച സ്കോർ ഉയർത്തി ലഖ്നൗ സൂപ്പർ ജയന്റ്സ്. 204 റൺസാണ് വിജയലക്ഷ്യം. ലഖ്നൗവിൻ്റെ സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ മിച്ചൽ മാർഷ് (60), ഐഡൻ മാർക്രം (53) എന്നിവരുടെ അർധ സെഞ്ചുറി പ്രകടനമാണ് ലഖ്നൗ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായത്. സ്കോർ 203/8
ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അവർ കയറി ചെന്നത് മിച്ചൽ മാർഷിന്റെ ബാറ്റിങ് വെടിക്കെട്ടിന് മുന്നിലേക്കാണ്. രണ്ട് സിക്സും ഒൻപത് ഫോറുമായി 60 (31) റൺസാണ് മാർഷൽ അടിച്ചുകൂട്ടിയത്. എഴാം ഓവറിൽ മലയാളിയായ വിഘ്നേഷ് പുത്തൂരാണ് മിച്ചൽ മാർഷിനെ പുറത്താക്കിയത്. മാർഷിന്റെ വിക്കറ്റ് വീണതും, അതുവരെ പതുക്കെ നീങ്ങിക്കൊണ്ടിരുന്ന ഐഡൻ മാർക്രം കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 38 പന്തിൽ 53 റൺസാണ് താരം നേടിയത്. കഴിഞ്ഞ കളികളിൽ മികച്ച കളി പുറത്തെടുത്ത നിക്കോളാസ് പൂരൻ (12) ഇത്തവണ ശോഭകെട്ടു. പതിവ് പോലെ ക്യാപ്റ്റൻ റിഷഭ് പന്ത് വന്നതും പോയതും പെട്ടെന്നായിരുന്നു. ആറ് പന്തുകൾ നേരിട്ട റിഷഭിന് രണ്ട് റൺസാണ് ടീം ടോട്ടലിൽ കൂട്ടിച്ചേർക്കാനായത്. ഹർദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ആയുഷ് ബധോനി (30), ഡേവിഡ് മില്ലർ (27) എന്നിവരാണ് മികച്ച കളി പുറത്തെടുത്ത മറ്റ് ലഖ്നൗ താരങ്ങൾ.
മുംബൈയ്ക്ക് വേണ്ടി ഹർദിക് പാണ്ഡ്യ 36 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. നിക്കോളാസ് പൂരൻ, റിഷഭ് പന്ത്, ഐഡൻ മാർക്രം, ഡേവിഡ് മില്ലർ, അകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഹർദിക് വീഴ്ത്തിയത്. ടി20യിലെ ഹർദിക് പാണ്ഡ്യയുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ട്രെന്റ് ബോൾട്ട് (1), അശ്വനി കുമാർ (1), വിഘ്നേഷ് പുത്തൂർ (1) എന്നിവരാണ് വിക്കറ്റ് നേടിയ മറ്റ് മുംബൈ ബൗളർമാർ.