പൂരം കൊടിയേറി മക്കളേ; ഐപിഎൽ 2025 സീസണിലെ പണംവാരി താരങ്ങളെ അറിയാം!

ലോകമെമ്പാടുമുള്ള ഐപിഎൽ ആരാധകർ അൽപ്പം നിരാശയിലും അതിലുമേറെ ആകാംക്ഷയിലുമാണ്. ടീമുകളിൽ നിന്ന് പ്രിയപ്പെട്ട താരങ്ങളെ നഷ്ടമാകുന്നുവെന്നതും വാശിയോടെ എതിർത്തിരുന്ന മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്ന ആശങ്കയും അവർക്കുണ്ട്
പൂരം കൊടിയേറി മക്കളേ; ഐപിഎൽ 2025 സീസണിലെ പണംവാരി താരങ്ങളെ അറിയാം!
Published on


മെഗാ ലേലത്തിന് മുന്നോടിയായി നടന്ന ഐപിഎൽ ഫ്രാഞ്ചൈസികളുടെ റീടെയ്നർ പ്രഖ്യാപനം (മുൻ കളിക്കാരെ നിലനിർത്തുന്ന രീതി) ഒക്ടോബർ 31ന് പൂർത്തിയായതും ലോകമെമ്പാടുമുള്ള ഐപിഎൽ ആരാധകർ അൽപ്പം നിരാശയിലും അതിലുമേറെ ആകാംക്ഷയിലുമാണ്. ടീമുകളിൽ നിന്ന് പ്രിയപ്പെട്ട താരങ്ങളെ നഷ്ടമാകുന്നുവെന്നതും വാശിയോടെ എതിർത്തിരുന്ന മറ്റു ടീമുകളിലേക്ക് ചേക്കേറുമെന്ന ആശങ്കയും അവർക്കുണ്ട്.

2023-24 സീസണിന് മുന്നോടിയായി നടന്ന ഐപിഎൽ മിനി ലേലത്തിൽ പണം വാരിയത് ചില വിദേശ താരങ്ങളായിരുന്നുവെങ്കിൽ, 2025 ഐപിഎൽ സീസണിന് മുന്നോടിയായി നടന്ന റീടെയ്നർ ലിസ്റ്റിലും മുന്നിലെത്തിയത് ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്ററായ ഹെൻറിക് ക്ലാസനാണ്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 171.07 സ്ട്രൈക്ക് റേറ്റിൽ 479 റൺസാണ് പ്രോട്ടീസ് വെടിക്കെട്ട് ബാറ്റർ വാരിയത്. നാല് അർധസെഞ്ചുറികളും താരം നേടിയിരുന്നു. 80 റൺസായിരുന്നു ഉയർന്ന വ്യക്തിഗത സ്കോർ.

2024ലെ മിനി ലേലത്തിൽ കെകെആർ 24.75 കോടി രൂപയ്ക്ക് വാങ്ങിയ ഓസീസ് പേസർ മിച്ചെൽ സ്റ്റാർക്കാണ് നിലവിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമുയർന്ന പ്രതിഫലം പറ്റിയ താരം. എന്നാൽ ആശ്ചര്യകരമെന്ന് പറയട്ടെ മിച്ചെൽ സ്റ്റാർക്കിനെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ് ഷാരൂഖ് ഖാൻ്റെ കൊൽക്കത്ത ചെയ്തിരിക്കുന്നത്. സ്റ്റാർക്കിനെ ഇക്കുറി മെഗാ ലേലത്തിൽ ആര് സ്വന്തമാക്കുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഇതിന് തൊട്ടുതാഴെ 23 കോടി രൂപ പ്രതിഫലം നൽകിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് ക്ലാസും മാസ്സും ഒത്തുചേരുന്ന ഹെൻറിച്ച് ക്ലാസനെ ടീമിൽ നിലനിർത്തിയത്. ക്ലാസൻ്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് കഴിഞ്ഞ സീസണിൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾ ഇക്കുറിയും ആവർത്തിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

റീടെയ്നർ പട്ടികയിൽ 21 കോടി രൂപ നൽകി ആർസിബി വിരാട് കോഹ്ലിയെ നിലനിർത്തിയതാണ് ഐപിഎൽ ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 154.69 സ്ട്രൈക്ക് റേറ്റിൽ 741 റൺസ് അടിച്ചെടുത്ത കോഹ്ലി, സീസണിൽ ഏറ്റവുമധികം റൺസ് വാരിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഫാഫ് ഡുപ്ലെസിസിന് പകരം കോഹ്ലി നായകനായി തിരിച്ചെത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

സിക്സറടിയിൽ സാക്ഷാൽ ക്രിസ് ഗെയ്‌ലിൻ്റെ റെക്കോർഡ് തകർത്ത നിക്കൊളാസ് പൂരനെ (വെസ്റ്റ് ഇൻഡീസ്) 21 കോടി നൽകി ലഖ്നൗ സൂപ്പർ ജയൻ്റ്സ് നിലനിർത്തിയതും ശ്രദ്ധേയമായി. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 62.38 റൺസ് ശരാശരിയിൽ 499 റൺസുമായി ടോപ് പട്ടികയിൽ എട്ടാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം. 178.21 ആയിരുന്നു സ്ട്രൈക്ക് റേറ്റ് എന്നതും ശ്രദ്ധേയമാണ്.

2024ലെ ഐപിഎൽ സീസണിൽ പ്രതിഫല കാര്യത്തിൽ രണ്ടാം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ നായകനായ പാറ്റ് കമ്മിൻസായിരുന്നു. 20.50 കോടി രൂപയായിരുന്നു ഹൈദരാബാദ് നായകൻ്റെ കഴിഞ്ഞ സീസണിലെ പ്രതിഫലം. ടീമിനെ ഫൈനലിൽ വരെ എത്തിക്കാനായെങ്കിലും ശ്രേയസ് അയ്യരുടെ കൊൽക്കത്തയോട് 8 വിക്കറ്റിന് തോറ്റു മടങ്ങാനായിരുന്നു വിധി. കമ്മിൻസിനെ ഈ സീസണിൽ 18 കോടി രൂപയ്ക്ക് ടീമിൽ നിലനിർത്താനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം.

മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങളും ഇക്കുറി നേട്ടമുണ്ടാക്കി. റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ എന്നിവർ 18 കോടി വീതവും, അക്സർ പട്ടേൽ, ശുഭ്മാൻ ഗിൽ എന്നിവർ 16.5 കോടി വീതവും പ്രതിഫലവും കൈപ്പറ്റും.

ALSO READ: വിരാട് കോഹ്‌ലിയെ വീണ്ടും ക്യാപ്റ്റനായി നിയമിക്കാൻ ആർസിബി ഒരുങ്ങുന്നു


2025ൽ കൂടുതൽ പ്രതിഫലം പറ്റുന്ന റീട്ടെയ്ൻഡ് താരങ്ങൾ

23 കോടി രൂപ: ഹെൻറിച്ച് ക്ലാസൻ
21 കോടി രൂപ: വിരാട് കോഹ്‌ലി, നിക്കൊളാസ് പൂരൻ
18 കോടി രൂപ: റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, പാറ്റ് കമ്മിൻസ്, റാഷിദ് ഖാൻ
16.5 കോടി രൂപ: അക്സർ പട്ടേൽ, ശുഭ്മാൻ ഗിൽ



1. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 51 കോടി രൂപയാണ്. സുനിൽ നരെയ്ൻ (12), റിങ്കു സിംഗ് (13), ആന്ദ്രെ റസൽ (12), വരുൺ ചക്രവർത്തി (12), ഹർഷിത് റാണ (4), രമൺദീപ് സിങ് (4) എന്നിവരാണ് നിലവിൽ റീടെയ്ൻ ചെയ്ത താരങ്ങൾ.

2. സൺറൈസേഴ്‌സ് ഹൈദരാബാദ് (എസ്ആർഎച്ച്):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 45 കോടി രൂപയാണ്. ഹെൻറിച്ച് ക്ലാസൻ (23), പാറ്റ് കമ്മിൻസ് (18), ട്രാവിസ് ഹെഡ് (14), അഭിഷേക് ശർമ (14), നിതീഷ് കുമാർ റെഡ്ഡി (6) എന്നിവരാണ് നിലവിൽ റീടെയ്ൻ ചെയ്ത താരങ്ങൾ.

3. രാജസ്ഥാൻ റോയൽസ് (ആർആർ):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 41 കോടി രൂപയാണ്. സഞ്ജു സാംസൺ (18), റിയാൻ പരാഗ് (14), യശസ്വി ജയ്‌സ്വാൾ (18), സന്ദീപ് ശർമ (4), ധ്രുവ് ജുറെൽ (14), ഷിംറോൺ ഹെറ്റ്മെയർ (11) എന്നിവരാണ് നിലവിൽ റീടെയ്ൻ ചെയ്ത താരങ്ങൾ.

4. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 83 കോടി രൂപയാണ്. വിരാട് കോലി (21), രജത് പട്ടീദാർ (11), യാഷ് ദയാൽ (5) എന്നിവരാണ് ആർസിബി റീടെയ്ൻ ചെയ്ത താരങ്ങൾ.

5. ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 55 കോടി രൂപയാണ്. റുതുരാജ് ഗെയ്‌ക്‌വാദ് (18), എം.എസ്. ധോണി (4), രവീന്ദ്ര ജഡേജ (18), ശിവം ദുബെ (12), മതീശ പതിരന (13) എന്നിവരാണ് സിഎസ്‌കെ നിലവിൽ റീടെയ്ൻ ചെയ്ത താരങ്ങൾ.

6. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്‌ജി):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 69 കോടി രൂപയാണ്. നിക്കൊളാസ് പൂരൻ (21), മായങ്ക് യാദവ് (11), രവി ബിഷ്‌ണോയ് (4), മൊഹ്‌സിൻ ഖാൻ (4), ആയുഷ് ബദോനി (4) എന്നിവരാണ് ലഖ്നൗ നിലവിൽ റീടെയ്ൻ ചെയ്ത താരങ്ങൾ.

7. ഗുജറാത്ത് ടൈറ്റൻസ് (ജിടി):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 69 കോടി രൂപയാണ്. റാഷിദ് ഖാൻ (18), ശുഭ്മാൻ ഗിൽ (16.5), സായ് സുദർശൻ (8.5), രാഹുൽ ടെവാതിയ (4), ഷാരൂഖ് ഖാൻ (4) എന്നിവരാണ് നിലനിർത്തിയ കളിക്കാർ.

8. ഡൽഹി ക്യാപിറ്റൽസ് (ഡിസി):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 73 കോടി രൂപയാണ്. അക്സർ പട്ടേൽ (16.5), അഭിഷേക് പോറൽ (4), ട്രിസ്റ്റൻ സ്റ്റബ്സ് (10), കുൽദീപ് യാദവ് (13.5) എന്നിവരാണ് നിലനിർത്തിയ കളിക്കാർ.

9. പഞ്ചാബ് കിങ്സ് (പിബികെഎസ്):

മെഗാ ലേലത്തിന് മുന്നോടിയായി പഴ്സിൽ ഏറ്റവുമധികം പണം നീക്കിയിരിപ്പുള്ള ക്ലബ്ബ് പഞ്ചാബ് കിങ്സാണ്. 110.5 കോടി രൂപയാണ് ശേഷിക്കുന്നത്. ശശാങ്ക് സിങ് (5.5), പ്രഭ്‌സിമ്രാൻ സിങ് (4) എന്നിവരാണ് നിലനിർത്തിയ കളിക്കാർ.

10. മുംബൈ ഇന്ത്യൻസ് (എംഐ):

ക്ലബ്ബിൻ്റെ പഴ്സിൽ ഇനി ശേഷിക്കുന്നത് 45 കോടി രൂപയാണ്. രോഹിത് ശർമ (16.3), ജസ്പ്രീത് ബുംറ (18), സൂര്യകുമാർ യാദവ് (16.35), തിലക് വർമ ​​(8), ഹാർദിക് പാണ്ഡ്യ (16.35) എന്നിവരാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയ കളിക്കാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com