വിഘ്നേഷിന് പകരക്കാരനായി; ആരാണ് മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മാജിക്കൽ ലെഗ് സ്പിന്നർ?

ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരുന്ന ഹാർദിക് പാണ്ഡ്യക്കും കൂട്ടർക്കും മലയാളി താരത്തിൻ്റെ അഭാവം വലിയ തിരിച്ചടിയാണ്.
വിഘ്നേഷിന് പകരക്കാരനായി; ആരാണ് മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മാജിക്കൽ ലെഗ് സ്പിന്നർ?
Published on


പരിക്കേറ്റ മലയാളി ലെഗ് സ്പിന്നർ വിഘ്നേഷ് പുത്തൂരിന് പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടരുന്ന ഹാർദിക് പാണ്ഡ്യക്കും കൂട്ടർക്കും മലയാളി താരത്തിൻ്റെ അഭാവം വലിയ തിരിച്ചടിയാണ്.


പഞ്ചാബിൻ്റ യുവ ലെഗ് സ്പിന്നറായ രഘു ശർമയാണ് മുംബൈ ആർമിയിലേക്ക് പുതുതായി വരുന്ന പോരാളി. നേരത്തെ മുംബൈ ഇന്ത്യൻസിൻ്റെ നെറ്റ് ബൌളിങ് ടീമിന്റെ ഭാഗമായിരുന്നു രഘു. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളുടെ കരുത്തിലാണ് പഞ്ചാബി താരം ഇന്ത്യൻ ക്രിക്കറ്റിൻ്റെ നഴ്സറിയെന്ന ചെല്ലപ്പേരുള്ള മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയിലേക്ക് വരുന്നത്.

പഞ്ചാബിന് വേണ്ടി 11 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മാച്ചുകൾ, 9 ലിസ്റ്റ് എ മാച്ചുകൾ, മൂന്ന് ടി20 മത്സരങ്ങൾ എന്നിവയിൽ കളിച്ച് പരിചയമുണ്ട് രഘു ശർമയ്ക്ക്. 2024–25 വിജയ് ഹസാരെ ട്രോഫി പരമ്പരയിൽ പഞ്ചാബി ബൗളർ ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കരിയറിൽ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടങ്ങളും, മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടങ്ങളും രഘു സ്വന്തമാക്കിയിട്ടുണ്ട്. 30 ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് രഘു ശർമ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയിൽ ചേരുന്നത്. യുവതാരത്തിൻ്റെ കരിയറിലെ നിർണായക നാഴികക്കല്ലാകും ഈ സീസണിലെ ഐപിഎൽ അരങ്ങേറ്റം. 


വിഘ്നേഷ് പുത്തൂരിനെ സംബന്ധിച്ചിടത്തോളം 2025ലെ കന്നി ഐപിഎൽ സീസണിലെ പ്രകടനങ്ങൾ മികച്ചതായിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ അരങ്ങേറ്റ മാച്ചിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വിഘ്നേഷ് പുത്തൂർ അഞ്ച് മത്സരങ്ങളിൽ നിന്നായി ആകെ ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.


പരിക്കേറ്റ് പുറത്തായെങ്കിലും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും വിഘ്നേഷ് പുത്തൂർ ടീമിനൊപ്പം തുടരും. മലയാളി താരത്തിന് കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ ആവശ്യമായ പരിചരണം ഉറപ്പാക്കുമെന്ന് മുംബൈ ഇന്ത്യൻസ് അറിയിച്ചിട്ടുണ്ട്. താരത്തെ മെഡിക്കൽ ഫിറ്റ്നസ് ടീമിനൊപ്പം തുടരാൻ അനുവാദം നൽകുമെന്ന് ഫ്രാഞ്ചൈസി ഉറപ്പ് നൽകിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com