IPL 2025: മിസൈൽ പാഞ്ഞെത്തിയത് 200 കി.മീ അകലെ, മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാൻ്റെ വ്യോമാക്രണ ഭീഷണിക്ക് പിന്നാലെ

ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വാശിയേറിയ പോരാട്ടമായിരുന്നു ഗ്രൗണ്ടിലും പുറത്തും.
IPL 2025: മിസൈൽ പാഞ്ഞെത്തിയത് 200 കി.മീ അകലെ, മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാൻ്റെ വ്യോമാക്രണ ഭീഷണിക്ക് പിന്നാലെ
Published on


പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാൻ സൈന്യം ജമ്മു കശ്മീരിൽ നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ധരംശാലയിലാണ് മത്സരം നടന്നത്. ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വാശിയേറിയ പോരാട്ടമായിരുന്നു ഗ്രൗണ്ടിലും പുറത്തും.



മഴമൂലം വൈകിയാണ് ടോസിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 122 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്താൻ കഴിഞ്ഞു. 34 പന്തിൽ നിന്ന് 70 റൺസെടുത്ത തകർത്തടിച്ച പ്രിയാംശ് ആര്യയെ നടരാജൻ്റെ പന്തിൽ മാധവ് തിവാരി ക്യാച്ചെടുത്ത് പുറത്താക്കി. ഇതിന് പിന്നാലെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. "ജമ്മുവിൽ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്, മുൻകരുതൽ നടപടിയായി മത്സരം നിർത്തുകയാണ്," എന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വിശദീകരണം നൽകിയത്.



ധരംശാലയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ജമ്മു. ബ്ലാക്ക് ഔട്ടിനിടയിലും ഇവിടേക്ക് പാകിസ്ഥാൻ മിസൈലുകൾ പാഞ്ഞടുത്തിരുന്നു. ഇന്ത്യയുടെ റഷ്യൻ നിർമിതമായ എസ് 400 പ്രതിരോധ സംവിധാനം ഇതിനെ ഫലപ്രദമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കുന്നിൻ മുകളിലുള്ള ധരംശാല ഗ്രൗണ്ടിന് നേരെയും വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീതി ഉയർന്നു.

പിന്നാലെ ഇവിടുത്തെ ലൈറ്റുകൾ അടിയന്തരമായി അണക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. ആദ്യം ഫ്ലഡ് ലൈറ്റുകളിൽ ഒരെണ്ണം കെടുത്തിയ ശേഷമാണ് ആരാധകരോട് ഗ്രൗണ്ട് വിട്ടുപോകാൻ സ്റ്റേഡിയം അധികൃതർ നിർദേശം നൽകിയത്. കാണികൾ പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളികളുമായാണ് സ്റ്റേഡിയം വിട്ടുപോയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com