
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിൻ്റെ ഓപ്പണർമാർ പവർ പ്ലേയിൽ പുറത്തെടുത്തത് വെടിക്കെട്ട് ബാറ്റിങ്. പ്രിയാംശ് ആര്യനും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് ആദ്യ വിക്കറ്റിൽ 65 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
മൂന്നോവറിൽ നിന്ന് തന്നെ 53 റൺസ് വാരി പഞ്ചാബി ഓപ്പണർമാർ ഹൈദരാബാദിനെ ഞെട്ടിച്ചു. ഈ സീസണിലെ ഒരു ടീമിൻ്റെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് (18 പന്തിൽ നിന്ന്) പഞ്ചാബ് നേടിയത്. നേരത്തെ ആർസിബി vs ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലും 18 പന്തിൽ നിന്ന് ഫിഫ്റ്റി തികച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ പഞ്ചാബി താരം പ്രിയാംശ് നിർത്തിയിടത്ത് നിന്ന് തന്നെയാണ് ഇന്നും ബാറ്റിങ് തുടങ്ങിയതെന്ന് തോന്നിപ്പിച്ചു. 13 പന്തുകളിൽ നിന്നാണ് താരം 36 റൺസെടുത്തത്. ഇതിൽ നാല് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളും ഉൾപ്പെടുന്നു. നാലാം ഓവറിലെ അവസാന പന്തിൽ പ്രിയാംശിനെ ഹർഷൽ പട്ടേൽ നിതീഷ് റെഡ്ഡിയുടെ കൈകളിൽ എത്തിച്ചെങ്കിലും, പ്രഭ്‌സിമ്രാൻ ബാറ്റിങ് വെടിക്കെട്ട് തുടർന്നു. ആറ് ഫോറും ഒരു സിക്സും പറത്തി പ്രഭ്‌സിമ്രാനും പവർ പ്ലേയിൽ റണ്ണൊഴുക്ക് തുടർന്നു.
ആദ്യ ആറോവറിൽ മാത്രം 89 റൺസാണ് പഞ്ചാബ് താരങ്ങൾ അടിച്ചെടുത്തത്. പഞ്ചാബിൻ്റെ കടന്നാക്രമണത്തിൽ മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, പാറ്റ് കമ്മിൻസ് തുടങ്ങിയ പേരുകേട്ട ഹൈദരാബാദ് ബൌളർമാർ വിയർക്കുന്നതാണ് കണ്ടത്. ഹൈദരാബാദിലേത് റണ്ണൊഴുകുന്ന ബാറ്റിങ് പിച്ചാണ്. ടി20യിൽ ഹൈ സ്കോറുകൾക്ക് പേരുകേട്ട പിച്ചാണിത്.