
സിക്സറെന്ന് ഉറപ്പിച്ച യശസ്വി ജെയ്സ്വാളിൻ്റെ ഷോട്ട് ബൌണ്ടറി ലൈനിൽ തടഞ്ഞിട്ട് അഞ്ച് റൺസ് സേവ് ചെയ്തു ആർസിബിയുടെ ഇംഗ്ലീഷ് താരം ഫിൽ സോൾട്ട്. ക്രുണാൽ പാണ്ഡ്യയെറിഞ്ഞ 13ാം ഓവറിലെ അവസാന പന്തിലാണ് അത്ഭുതകരമായ ഫീൽഡിങ് കാണാനായത്.
ലെഗ് സൈഡിൽ ബൌണ്ടറി ലൈനിന് പുറത്തേക്ക് പറന്നിറങ്ങിയ പന്ത് വായുവിൽ പറന്നെത്തിയാണ് ഇരു കൈകളും കൊണ്ട് ഫിൾ സോൾട്ട് പിടികൂടിയത്. എന്നാൽ ലാൻഡ് ചെയ്യും മുമ്പ് ബാലൻസ് തെറ്റിയതിനാൽ പന്ത്സുരക്ഷിതമായി ബൌണ്ടറി ലൈനിനുള്ളിലേക്ക് എറിയുകയാണ് താരം ചെയ്തത്.
ആറ് റൺസ് ഉറപ്പായും നേടേണ്ട പന്തിൽ വെറും ഒരു റൺസ് മാത്രമാണ് ഇംഗ്ലീഷ് ഫീൽഡർ വിട്ടുനൽകിയത്. ക്രിക്കറ്റിൽ എക്കാലത്തും ഫീൽഡിങ്ങിൽ മികവ് കാട്ടുന്നവരാണ് ഇംഗ്ലണ്ട് താരങ്ങൾ. 13 ഓവറിൽ 104/1 എന്ന നിലയിലായിരുന്നു രാജസ്ഥാൻ അപ്പോൾ. ഓപ്പണർ സഞ്ജു സാംസൺ (15) മാത്രമാണ് നേരത്തെ പുറത്തായിരുന്നത്.
എന്നാൽ, ഭാഗ്യം തുണച്ചെന്ന രാജസ്ഥാൻ്റെ ആവേശം അധികസമയം നീണ്ടുനിന്നില്ല. യഷ് ദയാൽ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ വിരാട് കോഹ്ലിക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് റിയാൻ പരാഗ് (22 പന്തിൽ 30 റൺസ്) മടങ്ങി.