IPL 2025 | SRH vs GT | സൺറൈസേഴ്സിനെ എറിഞ്ഞിട്ട് ടൈറ്റന്‍സ്; ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ തികച്ച് സിറാജ്, ​ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം

ഗുജറാത്ത് ടൈറ്റന്‍സിനായി 17 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി
IPL 2025 | SRH vs GT | സൺറൈസേഴ്സിനെ എറിഞ്ഞിട്ട് ടൈറ്റന്‍സ്; ഐപിഎല്ലില്‍ 100 വിക്കറ്റുകള്‍ തികച്ച് സിറാജ്, ​ഗുജറാത്തിന് 153 റൺസ് വിജയലക്ഷ്യം
Published on

ഐപിഎൽ പതിനെട്ടാം സീസണിൽ ജയിച്ച് മുന്നേറുന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ ബൗളിങ് നിരയ്ക്ക് മുന്നില്‍ പതറി സൺറൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ 80 റൺസിൻ്റെ വൻതോൽവി ഏറ്റുവാങ്ങിയാണ് സ്വന്തം കാണികൾക്ക് മുന്നിൽ ഹൈദരാബാദ് തിരിച്ചെത്തിയത്. എന്നാല്‍ വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി ആരാധകരെ തൃപ്തിപ്പെടുത്താന്‍ സണ്‍‌റൈസേഴ്സിന് സാധിച്ചില്ല. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് സൺറൈസേഴ്സ് നേടിയത്.

ടോസ് നേടിയ ​ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ സൺറൈസേഴ്സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മുഹമ്മദ് സിറാജിന്റെ ആദ്യ ഓവറിന്റെ അവസാന പന്തിൽ തന്നെ ട്രാവിസ് ഹെഡ് വീണു. രണ്ട് ഫോറടക്കം എട്ട് റൺസെടുത്ത ഹെഡ്, സായ് സുദർശന് ക്യാച്ച് നൽകുകയായിരുന്നു. അഞ്ചാം ഓവറിൽ അഭിഷേക് ശർമയും മടങ്ങി.

അഭിഷേക് ശർമയുടെ മോശം ഫോം ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്നായി 33 റൺസാണ് താരം നേടിയത്. സൺറൈസേഴ്സിനായി 18 (16) റൺസെടുത്ത അഭിഷേകിന്റെ വിക്കറ്റും സിറാജിനായിരുന്നു. മുഹമ്മദ് സിറാജിന്‍റെ നൂറാം ഐപിഎല്‍ വിക്കറ്റായിരുന്നു ഇത്. 31 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് സൺ റൈസേഴ്സിന്റെ ടോപ് സ്കോറർ. വാലറ്റത്ത് ആക്രമിച്ചു കളിക്കാൻ പാറ്റ് കമ്മിൻസ് (22) ശ്രമിച്ചുവെങ്കിലും ടീം സ്കോർ ഉയ‍ർത്താൻ സാധിച്ചില്ല.

ഗുജറാത്ത് ടൈറ്റന്‍സിനായി 17 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശർമ (18), ട്രാവിസ് ഹെ‍ഡ് (8), അനികേത് വർ‍മ (18), സിമർജീത് സിം​ഗ് (0) എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. പ്രസിദ്ധ് കൃഷ്ണ, രവിശ്രീനിവാസൻ സായ് കിഷോർ എന്നിവർ ​ഗുജറാത്തിനായി രണ്ട് വിക്കറ്റ് വീതവും നേടി. 

Also Read: "അവർ ചെറുപ്പക്കാർ ആണെങ്കിലെന്താ? രാജ്യത്തിനായി നന്നായി കളിക്കുന്നില്ലേ"; രാജസ്ഥാൻ്റെ വിമർശകരെ തള്ളി നായകൻ സഞ്ജു സാംസൺ

അതേസമയം, പാറ്റ് കമ്മിൻസും മുഹമ്മദ് ഷമിയും നേതൃത്വം നൽകുന്ന ബൗളിങ് നിരയ്ക്ക് കഴിഞ്ഞ നാല് മത്സരങ്ങളിലും വേണ്ടത്ര ശോഭിക്കാനായിരുന്നില്ല എന്നത് ​സൺറൈസേഴ്സിന് മുന്നിലെ ആശങ്ക. ഈ ഐപിഎല്ലിലെ ഏറ്റവും പ്രഹരശേഷിയുള്ള സംഘമായിട്ടും കഴിഞ്ഞ മൂന്ന് മത്സരത്തിലും തോൽവി വഴങ്ങിയതിൻ്റെ ഞെട്ടലിലാണ് സൺറൈസേഴ്സ് ആരാധകർ. പ്ലേഓഫ് ലക്ഷ്യത്തിലേക്ക് പോകാൻ ഹൈദരാബാദിന് വിജയവഴിയിൽ തിരിച്ചെത്തണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com