IPL 2025 | വരവറിയിച്ച് സണ്‍റൈസേഴ്സും ഇഷാന്‍ കിഷനും; രാജസ്ഥാന്‍ ബൗളേഴ്സിനെ തല്ലിത്തകർത്ത് ഹൈദരാബാദ്

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
IPL 2025 | വരവറിയിച്ച് സണ്‍റൈസേഴ്സും ഇഷാന്‍ കിഷനും; രാജസ്ഥാന്‍ ബൗളേഴ്സിനെ തല്ലിത്തകർത്ത് ഹൈദരാബാദ്
Published on

ഐപിഎൽ 18ാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വരവറയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാൻ റോയൽസിനെതിരെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്. ഹൈദരാബാദിനു വേണ്ടി ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇഷാൻ കിഷൻ സെഞ്ചുറി നേട്ടം കൈവരിച്ചു. മുൻ മുംബൈ താരത്തിന്റെ ആദ്യ ഐപിഎൽ സെഞ്ചുറി കൂടിയാണിത്. ബാറ്റിങ്ങിന് അനുകൂലമായി രാജീവ് ​ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാജസ്ഥാൻ ബൗളർമാർക്ക് ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല. രാജസ്ഥാന്റെ പേസ് നിര ഇഷാൻ കിഷനും സംഘത്തിനും മുന്നിൽ അക്ഷരാർഥത്തില്‍ മുട്ടുമടക്കി.


ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനെ അധികമായി അനുകൂലിക്കുന്ന പിച്ചിന്‍റെ സ്വഭാവമാണ് പരാഗിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ഹൈദരാബാദില്‍ നടന്ന 77 മത്സരങ്ങളിൽ 43 എണ്ണത്തിലും ‌ചേസിങ് ടീമുകള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. എന്നാല്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് മികച്ച തുടക്കമാണ് ഓപ്പണർ ട്രാവിസ് ഹെഡ് നല്‍കിയത്. 11 പന്തിൽ 24 റൺസ് നേടി അഭിഷേക് ശർമ മടങ്ങുമ്പോഴും ട്രാവിസ് ഹെഡ് വമ്പൻ അടികളുമായി ക്രീസിൽ തുടർന്നു. രാജസ്ഥാന്‍ പേസ് നിരയ്ക്ക് ഹെഡിനെ പിടിച്ചുകെട്ടാനായില്ല. ഒൻപതാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഷിമ്രോൺ ഹെറ്റ്‌മെയറിന് ക്യാച്ച് നൽകി കളി അവസാനിക്കുമ്പോൾ 31 പന്തില്‍ ഒൻപത് ഫോറും മൂന്ന് സിക്സുമായി 67 റൺസായിരുന്നു ഹെഡിന്റെ സമ്പാദ്യം. 13.88 ആയിരുന്നു ആ സമയത്തെ റണ്‍ റേറ്റ്. ടീം ടോട്ടല്‍ 200 കടക്കുമെന്ന് ഉറപ്പിച്ച നിമിഷം.

ഹെഡ് നിർത്തിയിടത്ത് നിന്ന് ഇഷാൻ കിഷന്‍ തുടങ്ങി. 25 പന്തില്‍ ഇഷാന്‍ കിഷനും അർധ ശതകം നേടി. 169ന് രണ്ട് എന്ന നിലയിലായിരുന്നു അപ്പോള്‍ സണ്‍റൈസേഴ്സ് സ്കോർ. 15 പന്തില്‍ 30 റൺസ് എടുത്ത നിതീഷ് കുമാർ റെഡ്ഡി തീക്ഷണയുടെ പന്തില്‍ ജയ്സ്വാളിന് ക്യാച്ച് നല്‍കി പുറത്തായി. പകരമെത്തിയ ഹെൻറിച്ച് ക്ലാസനുമായി ചേർന്ന് ഇഷാൻ സ്കോർ അതിവേ​ഗം ഉയർത്തി. പുറത്താകാതെ 106 (47) റൺസാണ് ഇഷാൻ കിഷൻ അടിച്ചുകൂട്ടിയത്. 45 പന്തിൽ 11 ഫോറും ആറ് സി‌ക്‌സുമായായിരുന്നു ഇഷാന്റെ സെഞ്ചുറി നേട്ടം. ഹെൻറിച്ച് ക്ലാസൻ (34), അനികേത് വർമ (7), അഭിനവ് മനോഹർ (0), പാറ്റ് കമ്മിൻസ് എന്നിവരാണ് സൺറൈസേഴ്സിനായി ഇറങ്ങിയ മറ്റ് ബാറ്റർമാർ.


ട്രാവിസ് ഹെഡും ഇഷാൻ കിഷനും മികച്ച ഫോമിലേക്ക് ഉയർന്നപ്പോൾ രാജസ്ഥാൻ ബൗളർമാർ അവരുടെ തന്നെ വെറും നിഴലുകളായി മാറി. നാല് ഓവറിൽ 76 റൺസാണ് ജോഫ്രാ ആർച്ചർ വിട്ടുകൊടുത്തത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും അധികം റൺസ് വഴങ്ങിയ ബൗളർ എന്ന റെക്കോഡും ആർച്ചറിന്റെ പേരിനൊപ്പം എഴുതിച്ചേർത്തു. നാല് ഓവറിൽ 73 റൺസ് വിട്ടുകൊടുത്ത മോഹത് ശർമയെ ആണ് രാജസ്ഥാൻ ബൗളർ മറികടന്നത്. മഹേഷ് തീക്ഷണ (2), സന്ദീപ് ശർമ (1), തുഷാർ ദേശ്പാണ്ഡെ (3) എന്നിവരാണ് രാജസ്ഥാൻ റോയൽസിനായി വിക്കറ്റ് കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com