
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യയുടെയും സഹോദരൻ ക്രുണാൽ പാണ്ഡ്യയുടെയും ബാല്യകാലത്തെ പട്ടിണിയെ കുറിച്ച് പൊതുവേദിയിൽ തുറന്നുപറഞ്ഞ് ടീം ഉടമയായ നിത അംബാനി. "ഒരിക്കൽ മുംബൈ ഇന്ത്യൻസ് ടീമിലുള്ളവരാണ് രണ്ട് മെലിഞ്ഞ പയ്യന്മാരെ എനിക്ക് മുന്നിൽ കൊണ്ടുവന്നത്. കൈയ്യിൽ പണമില്ലാത്തതിനാൽ മൂന്ന് വർഷമായി മാഗി നൂഡിൽസ് മാത്രം കഴിച്ചായിരുന്നു അവരുടെ ജീവിതമെന്നാണ് അവർ എന്നോട് പറഞ്ഞത്," നിത അംബാനി പറഞ്ഞു.
"അന്ന് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശവും വിജയിക്കാനുള്ള ത്വരയും ഞാൻ കണ്ടു. അങ്ങനെയാണ് അവരെ മുംബൈ ടീമിലെടുക്കാൻ ഞാൻ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാർക്കായി കുറഞ്ഞ തുകയേ മുടക്കാനാകൂ. അതിനാൽ ലേലത്തിൽ അധികം ചെലവിടാതെ എങ്ങനെ മികവുറ്റ പ്രതിഭകളെ കണ്ടെത്താമെന്നതാണ് ഞങ്ങളുടെ ആലോചന," നിത അംബാനി വ്യക്തമാക്കി.
"ഹാർദിക് പാണ്ഡ്യയെ അന്ന് 10 ലക്ഷം രൂപയ്ക്കാണ് ഞങ്ങൾ അന്ന് ടീമിലെടുത്തത്. ഇന്ന് അവൻ മുംബൈയുടെ അഭിമാനമായ ക്യാപ്ടനാണ്. അടുത്ത വർഷം ഞങ്ങളുടെ സ്കൌട്ട് ടീം ഒരു മികവുറ്റ ബൌളറെ കണ്ടെത്തി. ക്രിക്കറ്റിൽ അവനേക്കാൾ അവൻ്റെ പന്തുകളാണ് സംസാരിക്കുകയെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു. അവനാണ് ജസ്പ്രീത് ബുമ്ര. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്," മുംബൈ ഇന്ത്യൻസ് ഉടമ പറഞ്ഞു.
"കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മുംബൈ ഇന്ത്യൻസ് കണ്ടെത്തിയ പ്രതിഭയാണ് തിലക് വർമ. ഇന്ന് അവൻ ഈ രാജ്യത്തിൻ്റെയാകെ അഭിമാനമാണ്. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യൻസ് എന്നാൽ ഇന്ത്യയുടെ ക്രിക്കറ്റ് നഴ്സറി എന്നാണ് വിശേഷിപ്പിക്കുന്നത്," നിത അംബാനി ഒരു അഭിമുഖത്തിൽ പറഞ്ഞു.