
ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുഖച്ഛായ മാറ്റിയ ഐപിഎല്ലിൻ്റെ പുത്തൻ സീസണ്‍ ഹെവിവേയ്റ്റ് പോരാട്ടത്തോടെയാണ് തുടക്കമാവുന്നത്. കിരീടം എന്നും സ്വപ്നം മാത്രമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആദ്യ മത്സരത്തിൽ മറികടക്കേണ്ടത് മൂന്നാം കിരീടവും കൈയ്യടക്കിയ ആവേശത്തിൽ കളിക്കളത്തിലേക്ക് ഇറങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ്. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
പുതിയ നായകന്മാർക്ക് കീഴിലാണ് ആർസിബിയും കെകെആറും ഇത്തവണ ഇറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. മെഗാ താരലേലത്തിൽ നായകൻ ഫാഫ് ഡു പ്ലസിസിനെ ഒഴിവാക്കിയതിനാൽ നാല് വർഷമായി ടീമിനൊപ്പമുള്ള രജത് പാട്ടിദർ ആർസിബി ക്യാപ്റ്റനായി അരങ്ങേറും. കിരീടം നേടിയിട്ടും നായകൻ ശ്രേയസ് അയ്യരെ കൈവിട്ട കൊൽക്കത്തയെ വെറ്ററൻ താരം അജിങ്ക്യ രഹാനെയാകും നയിക്കുക.
മെഗാതാര ലേലത്തിൽ വിരാട് കോഹ്ലിയടക്കം മൂന്ന് താരങ്ങളെ മാത്രം നിലനിർത്തിയ ആർസിബി അടിമുടി ഉടച്ചുവാർത്താണ് ഈ ഐപിഎൽ എഡിഷനിൽ എത്തുന്നത്. സൂപ്പർതാരം വിരാട് കോഹ്ലിയിലേക്ക് തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. 17 സീസണുകളിലും ആർസിബി നിരയിലെ സ്ഥിരസാന്നിധ്യമായ കിങ് കോഹ്ലി ഇത്തവണയും ഫോമിലേക്കുയർന്നാൽ ടീമിന്റെ ആദ്യ കിരീടം എന്ന സ്വപ്നം യാഥാർഥ്യമാകും. നിലവിൽ ഐപിഎല്ലിൽ റൺവേട്ടയിൽ വിരാട് കോഹ്ലിക്ക് എതിരാളികളില്ല. 252 മത്സരങ്ങളിലായി 8004* റൺസുമായി വിരാട് കോഹ്ലിയാണ് റൺവേട്ടക്കാരിൽ മുന്നിൽ. എട്ട് സെഞ്ചുറികളുമായി കോഹ്ലിയുടെ പേരിലാണ് ഏറ്റവുമധികം സെഞ്ച്വറിയെന്ന ഐപിഎൽ റെക്കോഡും. അവിടെയും തീരുന്നില്ല ഐപിഎൽ റെക്കോഡ് ബുക്കുകളിലെ കോഹ്ലിയുടെ നേട്ടങ്ങള്‍. ഒരു സീസണിൽ ഏറ്റവുമധികം റൺസെന്ന 2016 സീസണിൽ കോഹ്ലി കുറിച്ച 973 റൺസിൻ്റെ റെക്കോഡ് മറികടക്കാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല. കഴിഞ്ഞ സീസണിൽ 741 റൺസുമായി ടോപ് സ്കോററായ കോഹ്ലി ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പ്രകടനം നടത്തുകയും ചെയ്തു.
വിരാട് കോഹ്ലിക്കൊപ്പം വെടിക്കെട്ടിന് തുടക്കമിടാൻ ഇംഗ്ലണ്ട് താരം ഫിൽ സാൾട്ട് ആകും ഇത്തവണ ആർസിബിയുടെ ഓപ്പണിങ്ങിൽ ഇറങ്ങുക.പിന്നാലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റൺ, ക്യാപ്റ്റൻ രജത് പാട്ടിദർ, ക്രുനാൽ പണ്ഡ്യ, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിങ്ങനെ വെടിക്കെട്ട് ബാറ്റർമാരുടെ നിരയുണ്ട് ആർസിബിക്ക്. ബൗളിങ്ങിൽ ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ് സഖ്യമാണ് പേസ് അറ്റാക്കിന് നേതൃത്വം നൽകുന്നത്. ലെഫ്റ്റ് ആം മീഡിയം ഫാസ്റ്റ് ബൗളിങ്ങുമായി യാഷ് ദയാലും ടീമിലുണ്ട്. സുയാഷ് ശർമയോ റൊമാരിയോ ഷെപ്പേഡോ കൂടി ഇംപാക്ട് പ്ലെയറായി എത്തുമ്പോൾ ഏത് സാഹചര്യത്തിലും പൊരുതാവുന്ന സംഘമായി മാറും ആർസിബി.
നിലവിലെ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്ഥിരം സംഘാംഗങ്ങളെ നിലനിർത്തിയതിനൊപ്പം മെഗാ താരലേലത്തിലൂടെ കരുത്ത് കൂട്ടിയാണ് ഇറങ്ങുന്നത്. പരിചയസമ്പന്നനായ അജിൻക്യ രഹാനെ നായകസ്ഥാനത്തേക്ക് പ്രതിഷ്ടിച്ച് നാലാം കിരീടം ലക്ഷ്യമിടുകയാണ് കൊൽക്കത്ത. എക്കാലവും ഓപ്പണിങ് കൊൽക്കത്തയുടെ തലവേദനയാണ്. ഇത്തവണ ക്വിൻ്റൺ ഡി കോക്കിനെ മെഗാ താരലേലത്തിൽ സ്വന്തമാക്കിയതോടെ ഓപ്പണിങ്ങിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നാണ് കെകെആറിന്റെ പ്രതീക്ഷ. ഡി കോക്കിനൊപ്പം സുനിൽ നരെയ്ൻ ഓപ്പണിങ്ങിൽ വന്നേക്കും. ഒരു മികച്ച തുടക്കം കിട്ടിയാൽ കൊൽക്കത്തയെ ആർസിബിക്ക് തടയുക എളുപ്പമാകില്ല.
വെടിക്കെട്ട് ഓപ്പണിങ് സഖ്യത്തിന് പിന്നാലെ നായകൻ അജിൻക്യ രഹാനെ, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രേ റസൽ, രമൺദീപ് സിംഗ് എന്നിങ്ങനെ ഏത് വലിയ സ്കോറും പടുത്തുയർത്താൻ പോന്ന വലിയൊരു നിരയുണ്ട് കൊൽക്കത്തയ്ക്ക്. ബൗളിങ്ങിൽ ഐപിഎല്ലിൽ ഏറ്റവുമധികം ബൗളിങ് ഓപ്ഷൻ ഉപയോഗിക്കുന്ന സംഘം കൂടിയാണ് കൊൽക്കത്ത എന്നതിൽ ഇത്തവണയും മാറ്റമുണ്ടാകില്ല. സുനിൽ നരെയ്ൻ-വരുൺ ചക്രവർത്തി മിസ്റ്ററി സ്പിൻ സഖ്യത്തിൻ്റെ പ്രകടനമാകും ടീമിന് മുതൽക്കൂട്ടാകുക. സ്പെൻസർ ജോൺസൺ, ഹർഷിത് റാണ, സഖ്യമാകും പേസ് നിരയുടെ കരുത്ത്. ആൻറിച്ച് നോർക്കിയയും പേസ് അറ്റാക്കിൽ കൊൽക്കത്തയ്ക്ക് കരുത്തേകും. ബെഞ്ച് സ്ട്രെങ്ത് കൂടി പരിശോധിച്ചാലും കൊൽക്കത്ത നിരയിൽ പ്രതിഭകളെ കാണാം. റഹ്മത്തുള്ള ഗുർബാസ്, മനീഷ് പാണ്ഡെ, മൊയീൻ അലി, റോവ്മാൻ പവൽ, അൻക്രിഷ് രഘുവൻഷി തുടങ്ങിയവരാണ് റിസർവ് ബെഞ്ചിലുള്ളത്. ഈ താരങ്ങൾക്കൊക്കെ എങ്ങനെ അവസരമൊരുക്കുമെന്നത് മാത്രമാകും അജിൻക്യ രഹാനെയുടെ ആശങ്ക.
ഇനി ടീമുകളുടെ ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാൽ, മൂന്ന് കിരീടങ്ങൾ അക്കൗണ്ടിൽ ഉള്ളത് കെകെആറിന് മുൻതൂക്കം നൽകുന്നുണ്ട്. 2012,2014 സീസണിലും കഴിഞ്ഞ സീസണിലും ചാംപ്യന്മാരായിരുന്നു കൊൽക്കത്ത. 2021ൽ റണ്ണേഴ്‌സ് അപ്, 8 സീസണുകളിൽ പ്ലേ ഓഫിൽ എത്തിയെന്നിങ്ങനെ എഴുതിത്തള്ളാൻ സാധിക്കാത്ത സാന്നിധ്യമാണ് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആകട്ടെ ഒരിക്കൽപ്പോലും കിരീടം നേടിയിട്ടില്ല. പക്ഷേ, കോഹ്ലിയും സംഘവും പ്ലേ ഓഫിലേക്ക് ഒൻപത് തവണ യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. 2009, 2011, 2016 സീസണുകളിൽ ആർസിബി ഫൈനൽ കളിച്ചു. എന്നാൽ മൂന്നിലും തോറ്റു. ഏറ്റവുമൊടുവിൽ കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനലിലെത്താതെ പുറത്തായി. നേർക്കുനേർ പോരാട്ടത്തിൽ കൊൽക്കത്തയ്ക്കാണ് വ്യക്തമായ മുൻതൂക്കം. 34 മത്സരങ്ങളിൽ 20ലും കൊൽക്കത്ത ജയിച്ചു. 14 മത്സരങ്ങൾ ആർസിബിയും ജയിച്ചു. പക്ഷേ, കഴിഞ്ഞ രണ്ട് സീസണിലും കൊൽക്കത്തയെ മറികടക്കാൻ ആർസിബിക്കായില്ല. കളിച്ച നാല് മത്സരങ്ങളിൽ നാലിലും കൊൽക്കത്ത ജയിച്ചു.
സന്തുലിതമായ രണ്ട് ടീമുകള്‍ നേർക്ക് നേർ എത്തുമ്പോൾ കളി ആവേശ കൊടിമുടി കയറും എന്ന കാര്യം ഉറപ്പാണ്. കാണികളെ ആകെ ആശങ്കയിലാഴ്ത്തുന്നത് കൊൽക്കത്തയിലെ ഈഡൻ ഗാർഡന്‍സിന് മുകളിൽ ഉരുണ്ട് കൂടുന്ന മഴ മേഘങ്ങളാണ്. ഇനി മഴ ഒഴിഞ്ഞാലും ക്രിക്കറ്റിന്റെ പറുദീസയായ ഈഡനിൽ മിന്നൽപ്പിണറുകൾ സൃഷ്ടിക്കാൻ കരുത്തുള്ളവരാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.