
ഇറാൻ പ്രസിഡൻ്റായി മസൂദ് പെസെഷ്കിയാൻ തെരഞ്ഞെടുക്കപ്പെട്ടു.വെള്ളിയാഴ്ച നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എതിരാളിയായ സയീദ് ജലീലിയെ തോൽപ്പിച്ചാണ് അദ്ദേഹം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രസിഡൻ്റ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞടുപ്പ് നടന്നത്. ഇബ്രാഹിം റൈസി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
മസൂദ് പെസെഷ്കിയാൻ രാജ്യത്ത് അറിയപ്പെടുന്ന നിയമജ്ഞനും ഹൃദ്രോഗ വിദഗ്ധനുമാണ്. പെസെഷ്കിയാൻ 16.3 മില്യൺ വോട്ടുകൾ നേടി ഒന്നാമതെത്തിയപ്പോൾ രണ്ടാമതെത്തിയ ജലീലിക്ക് 13.5 മില്യൺ വോട്ടുകളേ നേടാനായുള്ളൂ. ഫലം വന്നതിനു ശേഷമുള്ള ആദ്യ പ്രതികരണത്തിൽ മസൂദ് പെസെഷ്കിയാൻ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. നമ്മളെല്ലാവരും ഈ രാജ്യത്തെ പൗരന്മാരാണെന്നും രാജ്യത്തിൻ്റെ പുരോഗതിക്കായി കൂട്ടായി പ്രവർത്തിക്കണമെന്നും മസൂദ് അഭ്യർത്ഥിച്ചു.
ഇറാൻ ആഭ്യന്തര മന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പെസെഷ്കിയാൻ്റെ അനുയായികൾ ടെഹ്റാനിലും മറ്റ് നഗരങ്ങളിലും തെരുവിലിറങ്ങി ആഘോഷം തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ അനുനായികൾ തെരുവിൽ നൃത്തം ചെയ്യുന്നതും, വാഹനമോടിക്കുന്നവർ ഹോണുകൾ മുഴക്കുന്നതും, പച്ചക്കൊടി ഉയർത്തിക്കാണിക്കുന്നതുമായ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ജൂൺ 28ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടത്തിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 40 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. ആണവ കരാർ പുതുക്കുന്നതിനെതിരായ നിലപാടുകൾ സ്വീകരിച്ചിരുന്ന ജലീൽ ഭരണത്തിൽ വരുന്നതിനെ ഭൂരിഭാഗം ആളുകളും എതിർത്തിരുന്നു. അതിനാലാണ് ആദ്യഘട്ട റൗണ്ടിൽ ദശലക്ഷക്കണക്കിന് ആളുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാതിരുന്നവർ ജലീലിനെ പ്രസിഡൻ്റാക്കുന്നത് തടയാൻ ഇത്തവണ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ജലീൽ വിജയിച്ചാൽ പുറം ലോകവുമായി ഏറ്റുമുട്ടൽ ഉണ്ടാകുമെന്നും, ലോക രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നും ജനങ്ങൾ ഭയന്നിരുന്നു. അതേസമയം, 2015ലെ ആണവ കരാർ പുതുക്കുന്നതിനും പാശ്ചാത്യ ശക്തികളുമായി ചർച്ച നടത്താനും പാശ്ചാത്യ ഉപരോധങ്ങൾ ലഘൂകരിക്കാനും പെസെഷ്കിയാൻ്റെ വിജയത്തിലൂടെ സാധിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നീരിക്ഷണം.