ഇറാൻ്റെ പതിനാലാം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; 61 ദശലക്ഷം വോട്ടർമാർ ഇന്ന് പോളിങ്ങ് ബൂത്തിലെത്തും

പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ്, ആണവപദ്ധതിയുടെ മുൻ വക്താവ് സയീദ് ജലീൽ, മുൻ ആഭ്യന്തരമന്ത്രി മുസ്തഫ പോർമുഹമ്മദി, ടെഹ്‌റാൻ മേയർ അലിറെസാ സകാനി എന്നിവരാണ് സ്ഥാനാർഥികളിലെ അതി യാഥാസ്ഥിതികർ
ഇറാൻ്റെ പതിനാലാം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; 61 ദശലക്ഷം വോട്ടർമാർ ഇന്ന് പോളിങ്ങ് ബൂത്തിലെത്തും
Published on

ഇറാൻ്റെ 14-ാം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുൻ പ്രസിഡൻ്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായി 80 പേരാണ് ഇത്തവണ നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ ഭരണഘടനാ നിരീക്ഷണ സമിതിയായ ഗാർഡിയൻ കൗൺസിൽ മത്സരിക്കാൻ അനുമതി നൽകിയത് 6 പേർക്ക് മാത്രം. വൈസ് പ്രസിഡൻ്റ് അമിർഹൊസൈൻ ഘാസിസാദെ ഹഷേമി ഇന്നലെ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെ അഞ്ച് പേർ മാത്രമാണ് മത്സരരംഗത്തുള്ളത്.

പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ്, ആണവപദ്ധതിയുടെ മുൻ വക്താവ് സയീദ് ജലീൽ, മുൻ ആഭ്യന്തരമന്ത്രി മുസ്തഫ പോർമുഹമ്മദി, ടെഹ്‌റാൻ മേയർ അലിറെസാ സകാനി എന്നിവരാണ് സ്ഥാനാർഥികളിലെ അതി യാഥാസ്ഥിതികർ. ഇവർക്കൊപ്പം പരിഷ്കരണവാദിയായ തബ്രീസിൽ നിന്നുള്ള പാർലമെൻ്റ് അംഗം മസൂദ് പെസെഷ്‌കിയാനും മത്സരരംഗത്തുണ്ട്. സ്ഥാനാർഥികളുടെ രാഷ്ട്രീയ-ഇസ്ലാമിക യോഗ്യതകൾ പരിശോധിച്ചാണ് സമതി അനുമതി നൽകിയത്. ആയത്തുള്ള അലി ഖമേനിയും, ചീഫ് ജുഡീഷ്യറി നാമനിർദ്ദേശം ചെയ്ത് പാർലമെൻ്റ് അംഗീകരിക്കുന്ന ഇസ്ലാമിക നിയമജ്ഞരും ചേർന്ന 12 അംഗ പുരോഹിതന്മാരുടെ പാനലാണ് സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കിയത്.

ഇറാനിൽ തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ് രാജ്യത്തെ അനുദിന ഭരണകാര്യങ്ങൾ മാത്രം നോക്കുമ്പോൾ ഇറാൻ്റെ ആണവ പദ്ധതി, വിദേശനയം തുടങ്ങിയ വിഷയങ്ങളുടെ അധികാരം കൈകാര്യം ചെയ്യുന്നത് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ്. പ്രസിഡൻ്റ് സ്ഥാനാർഥികൾ ഇറാനിയൻ വംശജരും ഇറാനിയൻ പൗരനുമായിരിക്കണം. ഇസ്ലാമിക റിപ്പബ്ലിക് ആയ രാജ്യത്തോട് വിശ്വാസ്യത പുലർത്തിയ റെക്കോഡും പ്രധാനമാണ്. സ്ത്രീകൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഗാർഡിയൻ കൗൺസിൽ വിലക്കിയിട്ടുണ്ട്. എന്നാൽ ഇറാൻ ഭരണഘടന സ്ത്രീകളെ മത്സരരംഗത്ത് വിലക്കുന്നില്ലെന്ന് ചില ഉന്നത പുരോഹിതന്മാരും മനുഷ്യാവകാശ അഭിഭാഷകരും വാദിക്കുന്നു.

18 വയസ് പൂർത്തിയായ എല്ലാ പൗരന്മാർക്കും ഇറാനിൽ വോട്ട് ചെയ്യാം. ഇറാനിലെ 85 ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയിൽ 61 ദശലക്ഷത്തിലധികം പേർക്കും വോട്ട് അവകാശമുണ്ട്. ബാലറ്റ് എണ്ണുമ്പോൾ അമ്പത് ശതമനാത്തിലധികം വോട്ട് ഒരു സ്ഥാനാർഥിയും നേടിയില്ലെങ്കിൽ ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച ആദ്യ സ്ഥാനങ്ങളിൽ എത്തിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കും.

ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ല ഖമേനിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരിക്കെയായിരുന്നു ഇബ്രാഹിം റഈസിയുടെ മരണം. യാഥാസ്ഥിതിക പക്ഷത്തെ ശക്തനായ നേതാവായ റഈസി 2021ലാണ് പ്രസിഡൻ്റായത്. ഈ കാലയളവിൽ മതനിയമങ്ങൾ കൂടുതൽ കർശനമാക്കിയത് പ്രക്ഷോഭങ്ങൾക്ക് കാരണമായിരുന്നു. ആണവപദ്ധതിയുമായി മുന്നോട്ടുപോയത് യുഎസുമായുള്ള സംഘർഷം വർധിപ്പിച്ചു. ഗസയിൽ ഹമാസിനും ലബനനിൽ ഹിസ്ബുള്ളയ്ക്കും യെമനിൽ വിമതസേനയായ ഹൂതികൾക്കും നൽകിയ പിന്തുണയിലൂടെ ഇസ്രയേലുമായും സംഘർഷ പാതയിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com