
ഇറാനിൽ 14-ാമത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിന് രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നാലിടത്ത് ഉൾപ്പെടെ ഇറാനികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പോളിങ് ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇറാൻ ജനതയോട് വോട്ട് ചെയ്യാനും ഖമേനി ആഹ്വനം ചെയ്തു. മത്സരരംഗത്ത് നിന്നും ഒരു സ്ഥാനാർഥി കൂടി പിന്മാറിയതോടെ ശേഷിക്കുന്നത് നാലുപേരാണ്. ടെഹ്‌റാൻ മേയർ അലിറേസ സകാനിയാണ് വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാർഥിത്വം പിൻവലിച്ചത്. നേരത്തെ വൈസ് പ്രസിഡന്റ് അമിർഹൊസൈൻ ഘാസിസാദെ ഹഷേമിയും തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയിരുന്നു.
രാജ്യത്തിനകത്തും പുറത്തുമായി ഏകദേശം 61 ദശലക്ഷത്തിലധികം വോട്ടര്‍മാരുണ്ടെന്നും ഇറാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലും നാലു പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, പുനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഇറാനിലുടനീളം 60,000 വോട്ടിംഗ് സ്റ്റേഷനുകളും 90,000 ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. അക്രമ സാധ്യത നിലനിൽക്കുന്നതിനാൽ രണ്ട് ലക്ഷത്തിഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. ഹെലിക്കോപ്റ്റർ അപകടത്തിൽ പ്രസിഡൻ്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.