
യാത്രക്കാരിക്ക് ദോഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇറാഖിലെ ബാഗ്ദാദിൽ നിന്ന് ചൈനയിലെ ഗ്വാങ്‌ഷൂവിലേക്ക് പോകുന്ന ഇറാഖി എയർലൈൻ വിമാനം കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്ങ് നടത്തി. വിമാനത്തിലുണ്ടായിരുന്ന 16 കാരി കുഴഞ്ഞ് വീണതിനെ തുടർന്നാണ് മെഡിക്കൽ എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പെൺകുട്ടിയെ നഗരത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നാലെ വ്യാഴാഴ്ച പുലർച്ചെ 1.49 ന് ബാക്കിയുള്ള യാത്രക്കാരുമായി വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു.
100 യാത്രികരും 15 ജീവനക്കാരുമായി യാത്ര തുടങ്ങിയ IA-473 എന്ന വിമാനം ബുധനാഴ്ച രാത്രി 10:18 ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങ് നടത്തുകയായിരുന്നു. യാത്രക്കിടെ പെൺകുട്ടി പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർക്ക് ഇംഗ്ലീഷ് അറിയാത്തതിനാൽ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. പിന്നാലെ വിമാനം കൊൽക്കത്തയിൽ ഇറങ്ങുകയായിരുന്നു. വിമാനത്താവളത്തിലുണ്ടായിരുന്ന മെഡിക്കൽ സംഘം ഉടൻ തന്നെ യാത്രക്കാരിയായ ദോരൻ സമീർ അഹമ്മദിനെ പരിചരിച്ചതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വക്താവ് പറഞ്ഞു.
എയർപോർട്ട് ഹെൽത്ത് ഓഫീസറുടെ പ്രാഥമിക പരിശോധനയിൽ തന്നെ പെൺകുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. തുടർ പരിശോധനക്കായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ഇറാഖിലെ ബാഗ്ദാദ് ജില്ലയിലെ സാർ ചിനാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയാണ് പെൺകുട്ടിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാഗ്യാട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇറാഖി പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തെ വിവരം അറിയിക്കാനായി ഡൽഹിയിലെ ഇറാഖ് എംബസിയെയും പൊലീസ് ബന്ധപ്പെടുമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി.