
കൃത്യം അഞ്ചുവർഷം മുൻപുണ്ടായ പുത്തുമല ദുരന്തത്തിന്‍റെ ആവർത്തനമാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും. അന്നു ജീവൻ നഷ്ടമായ അഞ്ചുപേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടു ദുരന്തങ്ങൾ തമ്മിലുള്ള അകലം കൃത്യം അഞ്ചുവർഷമാണ്. ബാക്കിയെല്ലാം സമാനം. ഒരേ അലമുറ, ഒരേ പരിഭ്രാന്തി, കൺമുന്നിൽ ഇല്ലാതായ വീടുകൾ...
2019 ഓഗസ്റ്റ് എട്ടിനായിരുന്നു അപകടം. 1500 മില്ലീ മീറ്റർ മഴയാണ് ഓഗസ്റ്റ് ഒന്നുമുതൽ എട്ടുവരെയുള്ള ദിവസം പുത്തുമലയിൽ പെയ്തത്. ദുരന്തം നടന്ന ഓഗസ്റ്റ് എട്ടിന് മാത്രം 530 മില്ലി മീറ്റർ മഴയും. പുത്തുമല ദുരന്തം വൈകിട്ട് നാലരയ്ക്കായിരുന്നു. ഒരു ഗ്രാമം ഒന്നാകെ കുത്തിയൊലിച്ചുപോവുകയായിരുന്നു അന്ന്. പുത്തുമലയിൽ തകർന്നത് 52 വീടുകൾ. ഹോട്ടൽ, കടമുറി. 17 പേർ മരിച്ചു. അഞ്ചു മൃതദേഹങ്ങൾ ഇന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
പുത്തുമലയിൽ വീടുനഷ്ടപ്പെട്ട 58 കുടുംബങ്ങൾ വീണ്ടും ഒന്നിച്ചു പൂതക്കൊല്ലിയിൽ താമസമാക്കി. ഒന്നിച്ചു താമസിക്കണം എന്ന കുടുംബങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. എല്ലാവർക്കും ഏഴു സെൻ്റ് സ്ഥലവും 10 ലക്ഷം രൂപയും സർക്കാരിൽ നിന്നു ലഭിച്ചു. പുത്തുമലയിൽ നിന്ന് രണ്ടര കിലോമീറ്റർ മാത്രം അകലെയാണ് ചൂരൽമലയും മുണ്ടക്കൈയും...