ഉത്സവകാലം ആപത്കാലമോ ?; രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് അപകടങ്ങൾ

ചണ്ഡീ​ഗഢിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് ഈ വർഷം 215ഓളം പേ‍ർക്കാണ് പരുക്കേറ്റത്
ഉത്സവകാലം ആപത്കാലമോ ?; രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കിടെ റിപ്പോർട്ട് ചെയ്തത് റെക്കോർഡ് അപകടങ്ങൾ
Published on

ഉത്സവകാലങ്ങൾ എല്ലായ്‌പ്പോഴും സന്തോഷത്തിൻ്റെയും ആവേശത്തിൻ്റെയും സമയമാണ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ചെത്തുന്ന ആഘോഷകാലം.  എന്നാൽ ആവേശക്കൂടുതൽ കൊണ്ട് അപകടത്തിലേക്ക് നയിക്കുന്ന കാഴ്ചകൾ ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷങ്ങൾക്ക് മോടി പകരാൻ പടക്കങ്ങൾ കൂടി എത്തുന്നതോടെ, അപകടസാധ്യത വലിയ തോതിൽ വ‍ർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.

ഇന്ന് രാവിലെയാണ് ബംഗാൾ ഹൗറയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ പൊള്ളലേറ്റ് മരിച്ച സംഭവം പുറത്തുവന്നത്. എന്നാൽ ഇത് ബം​ഗാളിൽ നിന്ന് മാത്രമുള്ള വാ‍ർത്തയല്ല. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിന്നും സംഭവിച്ച അപകടങ്ങളുടെ വലിയ കണക്കുകളാണ് പുറത്തുവരുന്നത്. 

- ചണ്ഡീ​ഗഢിൽ ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കലുമായി ബന്ധപ്പെട്ട് ഈ വർഷം 215ഓളം പേ‍ർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടയിൽ റിപ്പോ‍ർട്ട് ചെയ്ത ഏറ്റവും കൂടിയ കണക്കാണിതെന്ന് പിജിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പരുക്കേറ്റത് 118 പേർക്കായിരുന്നു. 45 ശതമാനം വർധനവാണ് ഈ വർഷമുണ്ടായത്. നവംബർ ഒന്ന്, രണ്ട് തീയതികളിൽ പൊള്ളലേറ്റ അഞ്ച് കേസുകളും, 21 പേർക്ക് കണ്ണിന് പരുക്കുകളും റിപ്പോർട്ട് ചെയ്തു.

- ഒഡീഷയിൽ ഇത്തവണ വിവിധയിടങ്ങളിലുണ്ടായ ദീപാവലി ആഘോഷങ്ങൾക്കിടെ, നവംബർ ഒന്നിന് മാത്രം രണ്ട് പേർ മരണപ്പെടുകയും, 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

- ചെന്നൈയിൽ ഈ വർഷം ദീപാവലി ആഘോഷങ്ങളെ തുടർന്ന്, വായു ഗുണനിലവാരം (എക്യൂഐ) ഏറ്റവും മോശമായ അവസ്ഥയിലെത്തിയെന്ന് റിപ്പോ‍ർട്ട് ചെയ്തു. ന​ഗരത്തിൽ മിക്കയിടങ്ങളിലും വായുമലിനീകരണ നിരക്ക് 200ന് മുകളിലായിരുന്നു റിപ്പോർട്ട് ചെയ്തത്. പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ അപകടത്തിൽ സംസ്ഥാനത്ത് രണ്ട് പേ‍ർ മരണപ്പെടുകയും, 232 തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും, 544 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.

- കഴിഞ്ഞ പത്ത് വർഷത്തിനിടെ ഡൽഹിയിൽ ഇക്കുറി ഏറ്റവും കൂടുതൽ എമർജൻസി കോളുകളാണ് ലഭിച്ചതെന്ന് ഡൽഹി അഗ്നിശമന വിഭാ​ഗം റിപ്പോർട്ട് ചെയ്തു. തലസ്ഥാനത്തുടനീളം പടക്കം പൊട്ടിക്കലിനെ തുടർന്നുണ്ടായ അത്യാഹിതങ്ങളെ തുട‍ർന്ന് 320 എമർജൻസി കോളുകളാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണ് ഇത്. തലസ്ഥാനത്ത് മൂന്ന് പേ‍ർ മരണപ്പെടുകയും, 12 പേർക്ക് പരുക്കേൽക്കുയും ചെയ്തു.

മനുഷ്യരിൽ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നത് മൃ​ഗങ്ങൾക്കും ഹാനികരമാണ്. ഉച്ചത്തിലുള്ള ശബ്ദത്തോടും മലിനമായ വായുവിനോടും പൊതുവെ വിമുഖത കാണിക്കുന്നവരാണ് മൃ​ഗങ്ങൾ. ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് മൃഗങ്ങൾക്ക് ഇതേ തുടർന്ന് ഉണ്ടാകുന്നത്. 

ആഘോഷക്കാലത്ത് പടക്കങ്ങളിൽ നിന്നുണ്ടാകുന്ന അപകടങ്ങൾക്ക് പുറമെ, ബാക്കിയാക്കുന്നത് പടക്ക അവശിഷ്ടങ്ങളിലും പുകപടലത്തിലും, തുടർന്നുണ്ടാകുന്ന മലിനീകരണത്തിലും മുങ്ങിയ തെരുവുകളാണ്. ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ, ലോകത്തിലെ ഏറ്റവും മോശം പദവിയാണ് രാജ്യ തലസ്ഥാനം സ്വന്തമാക്കിയത്. ലോകത്തില്‍ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരം എന്ന പദവിയാണ് ഡല്‍ഹിക്ക് ലഭിച്ചത്. വായു മലിനീകരണത്തെ തുടര്‍ന്ന് കടുത്ത ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടും, അത് പാലിക്കാതെ ജനങ്ങള്‍ പടക്കം പൊട്ടിച്ചതോടെയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമായത്.

ഉത്സവകാലങ്ങൾ ആഘോഷിക്കപ്പെടുന്നതിനോടൊപ്പം, അതീവജാ​ഗ്രത പുലർത്തേണ്ടതും അത്യാവശ്യമാണ്. ഉത്സവവേളകളിലെ ഉച്ചത്തിലുള്ള സംഗീതം, പടക്കങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയവ ശാരീരികമായി ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങൾക്ക് പുറമെ, അന്തരീക്ഷത്തിലും വലിയ ആഘാതമേൽപ്പിക്കുന്നുണ്ട്. പരിസ്ഥിതിയിൽ ദീർഘകാല പ്രത്യാഘാതങ്ങളും ​ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാവുന്ന ഇത്തരം ആഘോഷങ്ങൾക്കിടെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും, ആവശ്യമായ മാ‍ർ​ഗനിർദേശങ്ങൾ പാലിക്കേണ്ടതും അത്യാവശ്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com