ഇന്ത്യാ മുന്നണിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തിന് ഇളക്കം തട്ടുന്നോ? മമതയെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്

ബിജെപിക്കെതിരായ പോരാട്ടത്തില്‍ 'എല്ലാവരെയും ഒപ്പം കൂട്ടണം' എന്ന ഈ മാസം ആദ്യം മമത നടത്തിയ പ്രസ്താവന തന്നെ കോണ്‍ഗ്രസിനെതിരെയുള്ള ഒളിയമ്പായിരുന്നു
ഇന്ത്യാ മുന്നണിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്തിന് ഇളക്കം തട്ടുന്നോ? മമതയെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്
Published on

ഇന്ത്യാ സഖ്യത്തിനുള്ളില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുന്നു. ഇന്ത്യാ ബ്ലോക്കിനെ മമതാ ബാനർജിയെ നയിക്കണമെന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും പ്രതിപക്ഷ സഖ്യത്തിനുള്ളിലെ സ്വാധീനം കുറയുന്നോയെന്ന സംശയം ഉയർത്തുന്നത്. മമത ബാനർജിയെ സഖ്യത്തിന്‍റെ നേതൃത്വത്തിലേക്ക് കൊണ്ടുവരുണമെന്ന് പറഞ്ഞ ആർജെഡി നേതാവ് കോണ്‍ഗ്രസിന്‍റെ എതിർപ്പിന് ഒരു അർഥവുമില്ലെന്നും പറഞ്ഞു. ജനതാ ദള്‍ (യുണൈറ്റഡ്) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഇന്ത്യാ മുന്നണി വിടാനുണ്ടായ സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്നത്.

"കോൺഗ്രസിൻ്റെ എതിർപ്പിന് അർഥമില്ല. ഞങ്ങൾ മമതയെ പിന്തുണയ്ക്കും... (ഇന്ത്യ ബ്ലോക്കിൻ്റെ) നേതൃത്വം മമത ബാനർജിക്ക് നൽകണം," ഇന്ത്യാ ബ്ലോക്കിനെ നയിക്കുന്നതിനെക്കുറിച്ചുള്ള മമതയുടെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുതിർന്ന ആർജെഡി നേതാവിന്‍റെ മറുപടി.



ബിജെപിക്കെതിരായ പോരാട്ടത്തില്‍ 'എല്ലാവരെയും ഒപ്പം കൂട്ടണം' എന്ന ഈ മാസം ആദ്യം മമത നടത്തിയ പ്രസ്താവന തന്നെ കോണ്‍ഗ്രസിനെതിരെയുള്ള ഒളിയമ്പായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യ മുന്നണിയുടെ ചുമതല ഏറ്റെടുക്കാത്തത് എന്ന ചോദ്യത്തിന്, "അവസരം ലഭിച്ചാൽ, സഖ്യത്തിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നായിരുന്നു മമതയുടെ പ്രതികരണം. എന്നാല്‍, ബംഗാളിന് പുറത്ത് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാനത്തു നിന്ന് തന്നെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മമത കൂട്ടിച്ചേർത്തു.



പാർലമെന്‍റില്‍ ശീതകാല സമ്മേളനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിനായുള്ള അവകാശവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇത് സഭയ്ക്കുള്ളില്‍ നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള പ്രതിപക്ഷ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെ ബാധിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്, അദാനിയ്‌ക്കെതിരായ കുറ്റപത്രം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ, മണിപ്പൂരിലെ സംഘർഷം,വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കണമെന്നായിരുന്നു തൃണമൂലിന്‍റെ വാദം. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ തൃണമൂലിൻ്റെയും സമാജ്‌വാദി പാർട്ടിയുടെയും എംപിമാർ അദാനി വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ഭാഗമായില്ല.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് കോൺഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായത്. 2019ലെ സ്ഥിതിയില്‍ നിന്നും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചിരുന്നു. എന്നാൽ ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷ പാളയത്തിനുള്ളിൽ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിത്തീർന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിനു പിന്നാലെ ശിവസേന ഉദ്ധവ് വിഭാഗവും ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളെയും പരിഗണിക്കുന്നില്ലെന്നായിരുന്നു സഖ്യകക്ഷികളുടെ വിമർശനം.

മമതാ ബാനർജി ഇന്ത്യാ സഖ്യത്തിൻ്റെ പ്രധാന പങ്കാളിയാകണമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. " മമതാ ബാനർജിയായാലും അരവിന്ദ് കെജ്‌രിവാളായാലും ശിവസേനയായാലും, ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്. ഞങ്ങൾ ഉടൻ തന്നെ മമത ബാനർജിയുമായി കൊല്‍ക്കത്തയില്‍വച്ച് സംസാരിക്കും", റാവത്ത് പറഞ്ഞു.



കഴിഞ്ഞ വർഷമാണ് പ്രതിപക്ഷ കക്ഷികള്‍ ചേർന്ന് ഇന്ത്യാ സഖ്യം രൂപീകരിച്ചത്. പരസ്പരമുള്ള ആശയപരമായ ഭിന്നതകള്‍ പരിഹരിച്ച് ശക്തരായ ബിജെപിക്കെതിരെ ഒരുമിച്ച് പോരാടുക എന്നതായിരുന്നു ലക്ഷ്യം. ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്ത്രപ്രധാനമായ സ്ഥാനം നേടാന്‍ ഇന്ത്യാ സഖ്യത്തിനു സാധിച്ചിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ കക്ഷിരാഷ്ട്രീയ സാഹചര്യവും വിവധ പാർട്ടികള്‍ക്കിടയിലെ ഭിന്നതകളും സഖ്യത്തിന്‍റെ ദീർഘകാല ഭാവിക്ക് വെല്ലുവിളിയുയർത്തുന്നുണ്ട്. അതിനൊപ്പമാണ് ഇപ്പോള്‍ ഉയർന്നിരിക്കുന്ന നേതൃത്വത്തിനായുള്ള തൃണമൂല്‍- കോണ്‍ഗ്രസ് സംഘർഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com