ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ വർഷം; ജെറുസലേമിലും ടെല്‍ അവീവിലും അപായ സൈറണുകള്‍ മുഴങ്ങുന്നു

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു
ഇസ്രയേലിൽ ഇറാന്‍റെ മിസൈൽ വർഷം; ജെറുസലേമിലും ടെല്‍ അവീവിലും അപായ സൈറണുകള്‍ മുഴങ്ങുന്നു
Published on

ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തതായി സൈന്യത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട്. ജെറുസലേമിലും ടെല്‍ അവീവിലും അപായ സൈറണുകള്‍ മുഴങ്ങുന്നതായി വാർത്തകള്‍ വന്നതിനു പിന്നാലെയാണിത്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റള്ളയുടെ കൊലപാതകത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും വലിയ തോതില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേല്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങളോട് സുരക്ഷിതമായി ബങ്കറുകളിലേക്ക് മാറാന്‍ നിർദേശം നല്‍കിയിരുന്നു. ആക്രമണത്തില്‍ ആളപായമുണ്ടോയെന്ന വിവരം പുറത്തുവന്നിട്ടില്ല. 

റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം ടെല്‍ അവീവിലും ജെറുസലേമിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നു. ഇറാന്‍ ഇരുന്നൂറിലധികം മിസൈലുകള്‍ തൊടുത്തതായാണ് ഇസ്രയേല്‍ സൈനിക റേഡിയോ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്‍റെ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകള്‍ നിർജീവമാക്കിയോയെന്ന് വ്യക്തമല്ല. ഇസ്രയേല്‍ ഒട്ടാകെ അപായ സൈറണുകള്‍ മുഴങ്ങുകയാണ് ഇപ്പോള്‍.

Also Read: നസ്റള്ളയുടെ വധം: "ഇതിന് പ്രതികാരം ചെയ്യാതടങ്ങില്ല"; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

ഇസ്രയേൽ, അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിലെ എല്ലാ യുഎസ് സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിതയിടങ്ങളില്‍ അഭയം പ്രാപിക്കാൻ ഇസ്രയേലിലെ യുഎസ് എംബസി നിർദ്ദേശിച്ചു. ഇസ്രയേലിൻ്റെ സുരക്ഷാ കാബിനറ്റ് ഉടനെ തന്നെ യോഗം ചേരുമെന്ന് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഇസ്രയേൽ സൈന്യത്തിലെയും സർക്കാരിലെയും പ്രമുഖരെ വധിക്കാൻ ഇറാൻ്റെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട് വന്നിരുന്നു. ഇസ്രയേൽ സുരക്ഷാ വിഭാഗമായ ഷിൻ ബെത്താണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിനായി ഇസ്രയേൽ പൗരന്മാരെ ഇറാൻ റിക്രൂട്ട് ചെയ്തെന്നും ഷിൻ ബെത്തിൻ്റെ റിപ്പോർട്ടിലുണ്ട്. ഇസ്രയേലിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ വധിക്കുന്നതിനായി ഇറാൻ നിരവധി തവണ ശ്രമം നടത്തിയെന്നും ഇക്കഴിഞ്ഞ ആഴ്ചയിൽ ആക്രമണം കടുപ്പിച്ചെന്നുമാണ് ഷിൻ ബെത്തിൻ്റെ ആരോപണം.

ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റള്ള കൊല്ലപ്പെട്ടത്. നസ്‌റള്ളയുടെ വധത്തിൽ അപലപിച്ച് ആയത്തുള്ള ഖമേനി ഇറാനിൽ അഞ്ച് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ്റെ അടിയന്തര യോഗം വിളിക്കുകയും ചെയ്തു. ലബനനിലും പശ്ചിമേഷ്യയിലുടനീളവുമുള്ള ഇസ്രയേലിൻ്റെ അക്രമത്തിൽ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടു. നസ്റള്ളയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാതെ പിന്നോട്ടില്ലെന്നായിരുന്നു ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭീഷണി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com