ഇഷാൻ കിഷൻ പുറത്ത് തന്നെ, ശ്രേയസ് മടങ്ങിയെത്തും; ബിസിസിഐയുടെ വാർഷിക കരാറിൻ്റെ ആദ്യ സൂചനകൾ പുറത്ത്

കഴിഞ്ഞ വർഷത്തെ കരാറിൽ നിന്ന് പുറത്തുപോയ ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ ഇക്കുറി ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ചേക്കുമെന്നാണ് വിവരം.
ഇഷാൻ കിഷൻ പുറത്ത് തന്നെ, ശ്രേയസ് മടങ്ങിയെത്തും; ബിസിസിഐയുടെ വാർഷിക കരാറിൻ്റെ ആദ്യ സൂചനകൾ പുറത്ത്
Published on


ബിസിസിഐയുടെ വാർഷിക കരാറിൽ ഇക്കുറിയും രോഹിത് ശർമയും വിരാട് കോഹ്‌ലിയും A+ ഗ്രേഡ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 7 കോടി രൂപ പ്രതിഫലം ലഭിക്കുന്ന കരാറിലാണ് ഇരു സീനിയർ താരങ്ങളും സ്ഥാനം നിലനിർത്തുകയെന്നാണ് സൂചന. മലയാളി താരം സഞ്ജു സാംസണും കരാറിൻ്റെ ഭാഗമായി തുടരും.



അതേസമയം, കഴിഞ്ഞ തവണ കരാറിൽ നിന്ന് പുറത്തായ ഇഷാൻ കിഷൻ ഇക്കുറിയും കരാറിൽ നിന്ന് പുറത്താകുമെന്നാണ് സൂചന. ഐപിഎല്ലിലെ പ്രകടനങ്ങൾ മികച്ചതാണെങ്കിലും ആഭ്യന്തര മത്സരങ്ങൾ കളിക്കാതിരിക്കുന്നതാണ് താരത്തിന് തിരിച്ചടിയാകുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ കരാറിൽ നിന്ന് പുറത്തുപോയ ഇന്ത്യൻ മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ വീണ്ടും ബിസിസിഐയുടെ വാർഷിക കരാറിൽ ഇടംപിടിച്ചേക്കുമെന്നാണ് വിവരം.



പുതിയ കരാറിൽ അക്സർ പട്ടേലിന് സ്ഥാനക്കയറ്റം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ടി20 ലോകകപ്പിലും ചാംപ്യൻസ് ട്രോഫിയിലും മികച്ച പ്രകടനമാണ് ഇന്ത്യൻ ഓൾറൗണ്ടർ നടത്തിയത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ യുവതാരങ്ങളായ വരുൺ ചക്രവർത്തിയും നിതീഷ് കുമാർ റെഡ്ഡിയും കരാറിൽ ആദ്യമായി ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്.

2024-25 വർഷത്തേക്കുള്ള ഇന്ത്യൻ സീനിയർ വനിതാ ടീമിന്റെ വാർഷിക കരാർ കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, സീനിയർ പുരുഷ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച ഗുവാഹത്തിയിൽ നടക്കുമെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് അത് മാറ്റിവെക്കുകയായിരുന്നു. പുരുഷ ടീമിന്റെ വാർഷിക കരാറിനെ കുറിച്ചും, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൻ്റേയും സീനിയർ ടീമിൻ്റേയും സെലക്ഷൻ സംബന്ധിച്ച വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com