
പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിൻ്റെ സംഗീത പരിപാടിക്കിടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 19 കാരനടക്കം രണ്ട് പേർ അറസ്റ്റിൽ. ഓസ്ട്രിയയിൽ നടത്താനിരുന്ന പരിപാടിയിലാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇതോടെ പരിപാടി റദ്ദാക്കി.
ഭീകരസംഘടനയായ ഐഎസാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. അറസ്റ്റിലായ 19 കാരൻ ഓസ്ട്രിയ പൗരനാണെന്നും, ചോദ്യം ചെയ്യലിൽ ഭീകരസംഘടനയുമായി ബന്ധം പുലർത്തുന്നയാളാണെന്ന് വെളിപ്പെടുത്തിയതായും ഓസ്ട്രിയൻ സുരക്ഷാ വിഭാഗം മേധാവി ഫ്രാൻസ് റൂഫ് അറിയിച്ചു. അറസ്റ്റിന് പിന്നാലെ വിയന്നയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
വ്യാഴ്യാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായാണ് പോപ്പ് താരത്തിൻ്റെ പരിപാടി വിയന്നയിലെ ഏണസ്റ്റ് ഹാപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്നത്. എന്നാൽ ഭീകരാക്രമണ പദ്ധതി സ്ഥീരികരിച്ചതോടെ പരിപാടി റദ്ദാക്കുകയായിരുന്നു. 1,70,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് തുക തിരികെ പത്ത് ദിവസത്തിനകം നൽകുമെന്ന് സംഘാടകർ അറിയിച്ചു.
2017 ൽ മാഞ്ചസ്റ്ററിൽ അരിയാന ഗ്രാൻഡെയുടെ സംഗീത പരിപാടിക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിൻ്റെയും 60 പേരുടെ മരണത്തിനിടയാക്കിയ ലാസ് വെഗാസ് വെടിവെയ്പ്പിൻ്റെയും പശ്ചാത്തലത്തിൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നേരത്തെ സ്വിഫ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ പരിപാടി ആസൂത്രണം ചെയ്ത വിയന്നയിൽ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിരുന്നു.
പരിപാടി റദ്ദാക്കിയതോടെ നിരവധി ആരാധകരാണ് നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. പലരാജ്യങ്ങളിൽ നിന്നടക്കം ആരാധകർ പരിപാടിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. വീണ്ടും റീ ഷെഡ്യൂൾ ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം.