'മരിച്ചത് വൃദ്ധനല്ലേ...യുവാവ് അല്ലല്ലോ'; വിവാദ പരാമർശവുമായി കെ സുധാകരൻ

തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.
'മരിച്ചത് വൃദ്ധനല്ലേ...യുവാവ് അല്ലല്ലോ'; വിവാദ പരാമർശവുമായി കെ സുധാകരൻ
Published on

വിവാദ പരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികരണം നടത്തിയത്. മരിച്ചത് വൃദ്ധനല്ലേ. യുവാവ് അല്ലല്ലോ എന്നായിരുന്നു സുധാകരൻ്റെ പരാമർശം. കണ്ണൂരിൽ ഇനിയും ബോംബ് പൊട്ടാനുണ്ട് പൊട്ടി തീർന്നിട്ട് മാധ്യമങ്ങളെ കാണാമെന്നും സുധാകരൻ പറഞ്ഞു.  

പ്രതിപക്ഷം ഇന്ന് സഭയിൽ ബോംബ് വിഷയം ഉന്നയിച്ചിരുന്നു. ബോംബ് നിർമ്മാണം കണ്ണൂരിൽ കുടിൽ വ്യവസായങ്ങൾക്ക് സമാനമാണ്. കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു.

തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ ഉണ്ടായ സ്‌ഫോടനമെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. അതേ സമയം ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ യുവതിയുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്ഫോടനം ഉണ്ടായ സ്ഥലം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും, പാർട്ടിക്കാർ നേരിട്ടെത്തി ബോംബ് മാറ്റുകയാണ് ഉണ്ടായതെന്നും പ്രദേശവാസിയായ യുവതി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് തലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചത്. പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയതിനിടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തലശ്ശേരിയിലെ വിവിധ മേഖലകളിൽ വ്യാപക പരിശോധന നടത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com