ഗാസ-ഇസ്രയേൽ യുദ്ധത്തിന് സമവായം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

ഗാസ-ഇസ്രയേൽ യുദ്ധത്തിന് സമവായം; വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും

ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാവർത്തികമാകുമെന്ന് ഖത്തർ പ്രധാനമന്ത്രി അബ്ദുൾ റഹ്മാൻ അൽത്താനി വ്യക്തമാക്കി
Published on

ഗാസ ഇസ്രയേൽ യുദ്ധത്തിന് താത്ക്കാലിക സമവായം. ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചിരിക്കുകയാണ്. 15 മാസം നീണ്ടു നിൽക്കുന്ന യുദ്ധം അവസാനിക്കുമെന്ന് ശുഭ സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആറ് ആഴ്ചത്തെ വെടിനിർത്തലിന് ധാരണയായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഞായറാഴ്ച മുതൽ വെടിനിർത്തൽ പ്രാവർത്തികമാകുമെന്ന് ഖത്തർ പ്രധാനമന്ത്രി അബ്ദുൾ റഹ്മാൻ അൽത്താനി വ്യക്തമാക്കി.


ഇസ്രയേലും ഹമാസും വെടിനിർത്തൽ കരാർ അം​ഗീകരിക്കുന്നതോടെ ആറ് ആഴ്ചത്തെ വെടിനിർത്തലിനാണ് ധാരണയായത്. ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും മോചനത്തിനും ധാരണയായിട്ടുണ്ടെന്നാണ് വിവരം. 94 ഇസ്രയേലി തടവുകാരെ ഹമാസ് മോചിപ്പിക്കും. 1000 പലസ്തീനി തടവുകാരെയായിരിക്കും ഇസ്രയേൽ കൈമാറുക.

ഖത്തറും അമേരിക്കയും ഈജിപ്തും എന്നീ രാജ്യങ്ങളായിരുന്നു ചർച്ചകളുടെ മധ്യസ്ഥ വഹിച്ചത്. ആറാഴ്ചത്തെ പ്രാരംഭ വെടിനിർത്തലിൽ ഇസ്രായേൽ സേനയുടെ ഘട്ടം ഘട്ടമായുള്ള പിൻവലിക്കൽ, ഹമാസും ഇസ്രായേലും തടവിലാക്കിയ ബന്ദികളുടെ മോചനം എന്നിവയാണ് കരാറിലുൾപ്പെടുന്നത്. കരാർ സംബന്ധിച്ച് യുഎസും ഖത്തറും ഈജിപ്തും ഉടൻ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും.

കരാർ പ്രകാരം ഘട്ടം ഘട്ടമായിട്ടായിരിക്കും ഇസ്രയേലിന്‍റെ സൈനിക പിൻമാറ്റം. ഹമാസിൻ്റെ പിടിയിലുള്ള 33 ബന്ദികളുടെ മോചനമാണ് ആദ്യഘട്ടമെന്ന് പ്രസ്തുത കരാർരേഖയെ ഉദ്ധരിച്ച് ഇസ്രയേല്‍ വക്താക്കള്‍ അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവർ എന്നീ വിഭാഗങ്ങള്‍ക്കായിരിക്കും മുന്‍ഗണന. കരാർ പ്രാബല്യത്തില്‍ വന്ന് 16ാം ദിവസം രണ്ടാംഘട്ട ചർച്ചകളാരംഭിക്കും. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികളുമുണ്ടാവുക ഈ ഘട്ടത്തിലാണ്. കരാർ പ്രകാരം സെൻട്രൽ ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം പിൻവാങ്ങുമെന്നാണ് സൂചന.


News Malayalam 24x7
newsmalayalam.com