
ഗാസയിൽ കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിൻ്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രയേൽ. സെൻട്രൽ ഗാസയിലും തെക്കൻ ഗാസയിലും മൂന്ന് ദിവസം വീതമാണ് പോളിയോ നൽകുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിച്ചത്. വാക്സിൻ ക്യാമ്പയിൻ ഞായറാഴ്ച ആരംഭിക്കും. 6,40,000 കുട്ടികൾക്കാണ് ഗാസയിൽ പോളിയോ വാക്സിൻ നൽകേണ്ടതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം ഗാസയിൽ പത്ത് മാസം പ്രായമായ കുഞ്ഞിന് ടൈപ്പ് 2 പോളിയോ രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്നത്. ഇസ്രയേലി സൈന്യത്തിൻ്റെ കൂടി സഹകരണത്തോടെയാകും വാക്സിനേഷൻ ക്യാമ്പയിൻ നടക്കുക.
10 വയസ്സിന് താഴെയുള്ള 6,40,000 കുട്ടികൾക്ക് പോളിയോ വാക്സിനേഷൻ നൽകാനാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ഗാസയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി പീപ്പർകോൺ അറിയിച്ചു. സുരക്ഷിതമായി ക്യാമ്പയിൻ നടത്താൻ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാവ് ബാസെ നൈം പറഞ്ഞു. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും പോളിയോ ബാധിക്കുന്നത്. കുട്ടികൾക്കുള്ള വാക്സിനേഷൻ പരിപാടികൾ തടസപ്പെടുത്തിയതും, യുദ്ധം മൂലം ജല-ശുചീകരണ സംവിധാനങ്ങൾക്കുണ്ടായ വൻ നാശനഷ്ടവുമാണ് ഗാസയിൽ പോളിയോ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമെന്നാണ് മാനുഷിക സംഘടനകളുടെ ആരോപണം.
അതേസമയം ഇറാന്‍ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹമാസിനും ഇസ്ലാമിക് ജിഹാദിനുമെതിരെ മേഖലയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം. വെസ്റ്റ് ബാങ്കിലെ ജെനിന്‍, തുബാസ്, തുല്‍കർമ എന്നിവിടങ്ങളിലാണ് യുദ്ധം നടന്നു കൊണ്ടിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 77 പേർക്ക് പരുക്കേറ്റിട്ടുണ്ട്.