
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. തെക്കേ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലാണ് ഇസ്രയേൽ വ്യോമാക്രമണം. ഹിസ്ബുള്ള ആസ്ഥാനമായിരുന്നു ഇസ്രയേലിൻ്റെ ലക്ഷ്യമെന്ന് ഇസ്രയേൽ സൈനിക വക്താവായ ഡാനിയേൽ ഹഗാരി അറിയിച്ചു.
ഇസ്രയേലിൻ്റെ കയ്യെത്താത്തതായ സ്ഥലങ്ങളൊന്നും ഇറാനിലില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് ഇസ്രയേൽ ലബനനിൽ വ്യോമാക്രമണം നടത്തിയത്. ഐക്യരാഷ്ട്രസഭയുടെ പൊതു അസംബ്ലിയിലായിരുന്നു നെതന്യാഹുവിൻ്റെ പ്രസ്താവന. പശ്ചിമേഷ്യൻ രാജ്യങ്ങളുടെയെല്ലാം സ്ഥിതി ഇതാണ്. ഞങ്ങൾ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഗാസയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും, ബന്ദി മോചനത്തിന് തീരുമാനം നിർണായകമെന്നും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.