ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കൂട്ടക്കുരുതി തുടർച്ചയായ മൂന്നാം ദിവസം

ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 183 കുട്ടികൾ ഉൾപ്പെടെ 436 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്
ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; കൂട്ടക്കുരുതി തുടർച്ചയായ മൂന്നാം ദിവസം
Published on

ഗാസയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇസ്രയേൽ ആക്രമണം നടത്തി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മാത്രം 91 പേർ കൊല്ലപ്പെട്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 11 കെട്ടിടങ്ങളും തകർന്നു. ഇസ്രായേലിന് നേരെ ഹമാസും പ്രത്യാക്രമണം നടത്തിയിട്ടുണ്ട്.

ഗാസ മുനമ്പിൽ ഇസ്രയേൽ പുനരാരംഭിച്ച ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 183 കുട്ടികൾ ഉൾപ്പെടെ 436 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.


തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് കിഴക്കുള്ള അബാസൻ അൽ-കബീറ പട്ടണത്തിലെ തകർന്നുവീണ അവശിഷ്ടങ്ങളിൽ നിന്ന് ഗാസയിലെ വീടുകളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഇസ്രയേലിൻ്റെ ആക്രമണം നടന്നതെന്ന് പലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ബാനി സുഹൈലയിലും, അബാസാൻ അൽ-കബീറയിലും, അൽ-ഫുഖാരിയിലെ അൽ-അമൂറിലും, റാഫയ്ക്കടുത്തുള്ള മോസ്ബെയിലെയും കുടുംബങ്ങളെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബെയ്റ്റ് ലാഹിയയ്ക്ക് സമീപമുള്ള ഒരു വീട്ടിലെ ഏഴ് പേർ കൊല്ലപ്പെട്ടുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടു ദിവസം മുൻപാണ് ഗാസയിൽ കരമാർഗമുള്ള ആക്രമണത്തിന് ഇസ്രയേൽ ആഹ്വാനം ചെയ്തത്. 400ഓളം പേരുടെ ജീവനെടുത്ത വ്യോമാക്രമണത്തിന് പിന്നാലെയാണ് കരമാർഗമുള്ള ആക്രമണം ആരംഭിച്ചത്. ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്ന ഇസ്രയേലും ഹമാസും തമ്മിലുള്ള രണ്ട് മാസത്തെ വെടിനിർത്തൽ കരാർ, ഇസ്രായേൽ നടത്തിയ സമീപകാല ആക്രമണത്തോടെ അവസാനിക്കുകയായിരുന്നു.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി നേരത്തെ പിൻവാങ്ങിയ നെറ്റ്സാരിം ഇടനാഴിയുടെ ഒരു ഭാഗം തിരിച്ചുപിടിച്ചതായി സൈന്യം അറിയിച്ചു. മധ്യ ഗാസ നഗരത്തിലെ യുഎൻ ആസ്ഥാനത്ത് ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു വിദേശ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അഞ്ച് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com