ഹമാസിൻ്റെ നീക്കങ്ങളെ യുഎൻ സുരക്ഷാ സമിതി അപലപിക്കണം, ബന്ദി മോചനത്തിനായി ഇടപെടണം; ആവശ്യവുമായി ഇസ്രയേൽ

ഹമാസിൻ്റെ നീക്കങ്ങളെ യുഎൻ സുരക്ഷാ സമിതി അപലപിക്കണം, ബന്ദി മോചനത്തിനായി ഇടപെടണം; ആവശ്യവുമായി ഇസ്രയേൽ

യുദ്ധം ആരംഭിച്ച് 11 മാസമായിട്ടും സമിതി വിഷയത്തിൽ ഇടപെടൽ നടത്താത്തതിൽ യുഎന്നിലെ ഇസ്രയേൽ പ്രതിനിധി ഡാന്നി ഡാനൻ അതൃപ്തി പ്രകടിപ്പിച്ചു
Published on


ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വിഷയത്തിൽ യുഎൻ ഇടപെടണമെന്ന ആവശ്യവുമായി ഇസ്രയേൽ. യുഎൻ സുരക്ഷാ സമിതി ഹമാസിൻ്റെ നീക്കങ്ങളെ അപലപിക്കണമെന്നും എല്ലാ ബന്ദികളെയും ഉടനടി നിരുപാധികം മോചിപ്പിക്കാൻ ആവശ്യപ്പെടണമെന്നും യുഎന്നിലെ ഇസ്രയേൽ അംബാസിഡർ പറഞ്ഞു.

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഇസ്രയേലിൻ്റെ ആവശ്യത്തെ തുടർന്നാണ് വിഷയം യുഎൻ സുരക്ഷാസമിതി ചർച്ച ചെയ്യുന്നത്. അതേ സമയം യുദ്ധം ആരംഭിച്ച് 11 മാസമായിട്ടും സമിതി വിഷയത്തിൽ ഇടപെടൽ നടത്താത്തതിൽ യുഎന്നിലെ ഇസ്രയേൽ പ്രതിനിധി ഡാന്നി ഡാനൻ അതൃപ്തി പ്രകടിപ്പിച്ചു.

ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ഇസ്രയേലിൽ വലിയ പ്രതിഷേധങ്ങൾക്കാണ് തിരികൊളുത്തിയത്. ബന്ദികളുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനം തെരുവിലിറങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടന പണിമുടക്കിയതോടെ ഇത് രാജ്യത്തെ വലിയ പ്രതിഷേധങ്ങളിലൊന്നായി മാറി. ഈ സാഹചര്യത്തിലാണ് ബന്ദികളുടെ മോചനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സുരക്ഷാ സമിതിയെ സമീപിക്കുന്നത്.

ഹമാസ് ബന്ദികളാക്കിയവരിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഇസ്രയേൽ പ്രധാനമന്ത്രി മാപ്പ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ബന്ദികളുടെ മോചനത്തിൽ യുഎന്നിനെ ഇസ്രയേൽ സമീപിച്ചത്. അതേസമയം ഇസ്രയേലിൽ ഉയരുന്ന പ്രതിഷേധത്തിൽ, ജനങ്ങളെ ശാന്തമാക്കാനുള്ള നീക്കമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.

News Malayalam 24x7
newsmalayalam.com