ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ 146 മരണം, ആശങ്ക പങ്കുവെച്ച് യുഎൻ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യുഎൻ അടിയന്തര വെടിനിർത്തലിനും ആഹ്വാനം ചെയ്തു
ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 24 മണിക്കൂറിനിടെ 146 മരണം, ആശങ്ക പങ്കുവെച്ച് യുഎൻ
Published on

ഗാസയിലെ പ്രദേശങ്ങൾ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും ഇസ്രയേൽ വലിയ ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്. ഗാസയിൽ അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വലിയ ആക്രമണം ഇസ്രയൽ സൈന്യം ആരംഭിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഗാസയിൽ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 146 പലസ്തീനികൾ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച യുഎൻ അടിയന്തര വെടിനിർത്തലിനും ആഹ്വാനം ചെയ്തു.


ഗാസ മുനമ്പിൻ്റെ തന്ത്ര പ്രധാനമായ മേഖലകൾ പിടിച്ചെടുക്കുന്നതിനായി ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് എന്ന സൈന്യത്തെ അണിനിരത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അവരുടെ ഹീബ്രു എക്സ് അക്കൗണ്ടിൽ കുറിച്ചു. വ്യാഴാഴ്ച മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഏകദേശം 250 പേർ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രിക്കുന്ന സിവിൽ ഡിഫൻസ് -ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞതായും ബിബിസി റിപ്പോർട്ട് ചെയ്തു.


യുദ്ധം അവസാനിപ്പിക്കാനും, ഗാസ പുനർനിർമിക്കാനും കൃത്യമായ പദ്ധതിക്കായി ഒന്നിക്കണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അഭ്യർഥിച്ചുവെന്നും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ബാഗ്‌ദാദിൽ നടന്ന 34-ാമത് അറബ് ലീഗ് ഉച്ചകോടിയിൽ സംസാരിക്കവെ അബ്ബാസ് തന്റെ നിർദേശം അവതരിപ്പിച്ചതായി ഖത്തർ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.


ഉപാധികളില്ലാതെ ദുരിതാശ്വാസ സഹായം എത്തിക്കണം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം, ഗാസയുടെ പുനർനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നതിനായി ഈജിപ്തിൽ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ച് ചേർക്കണം, എല്ലാ പലസ്തീൻ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും മഹമൂദ് അബ്ബാസ് നിർദേശം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com