വെടിനിർത്തല്‍ കരാറില്‍ ഇസ്രയേലിന് മേല്‍ക്കെെ; ഹിസ്ബുള്ള പിന്മാറുമോ?

ഇസ്രയേല്‍ കരുതുന്നതുപോലെ ഏതെങ്കിലും വിധ പ്രകോപനത്തിന് ഹിസ്ബുള്ള നിലവില്‍ മുതിർന്നേക്കില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം
വെടിനിർത്തല്‍ കരാറില്‍ ഇസ്രയേലിന് മേല്‍ക്കെെ; ഹിസ്ബുള്ള പിന്മാറുമോ?
Published on

ലബനനില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ അടുത്ത ചോദ്യം കരാറിലെ നിബന്ധനകള്‍ എങ്ങനെ നടപ്പിലാകുമെന്നതാണ്.  അതിർത്തിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുമെങ്കിലും ആയുധം ഉപേക്ഷിക്കില്ലെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. എന്നാല്‍, ഇസ്രയേല്‍ കരുതുന്നതുപോലെ ഏതെങ്കിലും വിധ പ്രകോപനത്തിന് ഹിസ്ബുള്ള നിലവില്‍ മുതിർന്നേക്കില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണം മുതല്‍ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ സജീവ പങ്കാളികളായിരുന്നു ഹിസ്ബുള്ള. 14 മാസത്തിലേക്ക് എത്തിനില്‍ക്കുന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്ളയ്ക്ക് നാലായിരത്തിനടുത്ത് സെെനികരെ നഷ്ടപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ലബനന്‍റെ ഔദ്യോഗിക കണക്കില്‍, മരണം 3800 ആണ്. ഈ കണക്ക് ഹിസ്ബുള്ള സെെനികരെയോ സാധാരണക്കാരെയോ വേർതിരിക്കാതെയുള്ളതാണ്. ഹിസ്ബുള്ളയോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്, 2006ല്‍ ഇസ്രയേലുമായുള്ള ഒരുമാസക്കാല യുദ്ധത്തിലുണ്ടായതിന്‍റെ പത്തിരട്ടി സെെനിക നഷ്ടം ഇത്തവണ ഹിസ്ബുള്ളയ്ക്ക് ഉണ്ടായിട്ടുണ്ട് എന്നാണ്. ഇതിലധികവും സെപ്റ്റംബറിന് ശേഷമാണ് സംഭവിച്ചത്.


ഹസന്‍ നസ്റള്ള അടക്കമുള്ള ഹിസ്ബുള്ള നേതൃത്വത്തെ ഇല്ലായ്മ ചെയ്ത ഇസ്രയേലിന് ഹിസ്ബുള്ളയ്ക്ക് മേല്‍ വ്യക്തമായ മേല്‍ക്കെെയുള്ളതായി യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ വെടിനിർത്തല്‍ കരാറിലെ നിബന്ധനകൾക്ക് വഴങ്ങുന്നതിലും ഈ സമ്മർദ്ദമുണ്ടായി എന്നാണ് വാദം. വെടിനിർത്തൽ വ്യവസ്ഥകൾ അനുസരിച്ച്, അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലുമായി ചേരുന്ന ലിറ്റാനി നദിക്കും ഇസ്രയേൽ അതിർത്തിക്കും ഇടയിലുള്ള ഒരു പ്രദേശത്തും ഹിസ്ബുള്ളയ്ക്ക് സൈനിക സാന്നിധ്യം ഉണ്ടാകരുത്. എന്നാല്‍, എങ്ങനെയായിരിക്കും മേഖലയിലെ നിരായുധീകരണം എന്ന് ഹിസ്ബുള്ള ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

രണ്ട് സാധ്യതകളാണ് ഇവിടെയുണ്ടായിരുന്നത് ഒന്ന്, തെക്ക് വിന്യസിക്കപ്പെടുന്ന ലബനന്‍ സെെന്യത്തിന് ഔദ്യോഗികമായി ആയുധം കെെമാറുന്നത്. രണ്ട്, ആയുധം ഉപേക്ഷിച്ച് പിന്മാറ്റം അംഗീകരിക്കുക. എന്നാല്‍ സായുധ പദവി തുടരുമെന്നാണ് ഹിസ്ബുള്ള വക്താവ് ഹസന്‍ ഫദ്‌ലല്ല നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധം എന്ന് ഹിസ്ബുള്ള വിശേഷിപ്പിക്കുന്ന നീക്കം, ഇസ്രയേല്‍ ഭീഷണിയായി ആണ് കണക്കാക്കുന്നത്. 2006ലെ വെടിനിർത്തലാണ് ഇതിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. അന്ന് സമാനമായ നിബന്ധന അംഗീകരിച്ചെങ്കിലും ഹിസ്ബുള്ള സെെനികശേഷി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. വടക്കൻ ഇസ്രയേലിലേക്ക് 2023 ഒക്ടോബറിലുണ്ടായ ആക്രമണം ഇതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടുന്നു. തെക്കൻ ലബനനിലെ സെെനിക പ്രതിരോധവും കഴിഞ്ഞ ദിവസങ്ങളിലെ റോക്കറ്റ് ആക്രമണങ്ങളും ഹിസ്ബുള്ളയുടെ പ്രാപ്തി വ്യക്തമാക്കുന്നതാണെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞരും നിരീക്ഷിക്കുന്നു.


എന്നാല്‍ മുറിവുണക്കലിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. സംഘടനാ ഘടന പൂർണമായി പുനഃസ്ഥാപിക്കുക എന്ന വലിയ വെല്ലുവിളി മുന്നിലുണ്ട്. ഇസ്രയേലിന്‍റെ സാങ്കേതിക ശേഷിയെ വിലകുറച്ച് കണ്ടതിന്‍റെ തിരിച്ചടിയായിരുന്നു പേജർ ആക്രമണങ്ങള്‍. സെെനികശേഷിയില്‍ വലിയ ഉലച്ചിലാണ് ഈ ആക്രമണമുണ്ടാക്കിയത്. ഇതോടെ താഴെത്തട്ടില്‍ നിന്നുള്ള തിരിച്ചുവരവ് ആവശ്യമാണെന്നാണ് സംഘം കണക്കാക്കുന്നത്. 2006ലെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ഹാഷീം സഫീദ്ദിനെയടക്കം നഷ്ടമായതും തിരിച്ചടിയാണ്. ഫണ്ടിങ്ങാണ് അടുത്ത പ്രശ്നം. ലബനനിലെ ആകെ നഷ്ടം ലോക ബാങ്കിന്‍റെ കണക്കുപ്രകാരം, 8.5 ബില്ല്യന്‍ യുഎസ് ഡോളറാണ്. ലബനന്‍റെ തകർന്ന സാമ്പത്തിക വ്യവസ്ഥയ്ക്ക് ഈ നഷ്ടം താങ്ങാനാകില്ല. പിന്നെയുള്ളത് ഇറാന്‍റെ സഹായമാണ്. അതേസമയം, 2006ലേതുപോലെ സൗദി, കുവെെത്ത്, ഖത്തർ തുടങ്ങിയ ഗൾഫ് മേഖല സഹായത്തിന് സന്നദ്ധതയറിയിച്ചിട്ടില്ല. ഇതോടെ ഷിയാ അനുകൂല വിദേശ ഫണ്ടിങ്ങിനെ ആശ്രയിക്കേണ്ട നിലയിലാണ് ഹിസ്ബുള്ള.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com