
ഗാസ പൂർണമായി പിടിച്ചടക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ്. അപ്രഖ്യാപിത കാലം വരെ ഗാസയുടെ അധികാരത്തിൽ തുടരാനും ഇസ്രയേൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് എജൻസി പ്രസിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഹമാസിൻ്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ കരാറിൽ കൂടുതൽ പ്രാമുഖ്യം ലഭിക്കാനുമായി സമ്മർദ്ദം ശക്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇസ്രയേൽ സെക്യൂരിറ്റി ക്യാബിനറ്റ് പദ്ധതിക്ക് ഐകകണ്ഠ്യേന അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ട്. തീരുമാനം ബന്ദികളെ നഷ്ടപ്പെടുത്തുമെന്ന ഐഎഡിഎഫ് മേധാവിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഈ നടപടി.
അടുത്തയാഴ്ച മേഖലയിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന സന്ദർശനത്തിന് ശേഷമാകും, ഗാസ പൂർണമായും പിടിക്കാനുള്ള പദ്ധതി നടപ്പിലാക്കുകയെന്നാണ് സൂചന. അതുവരെ വെടിനിർത്തൽ ചർച്ചകൾ മുന്നോട്ടു പോകും.