
ഗാസ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ ബന്ദികൾക്ക് പകരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാതെ ഇസ്രയേല്‍. ശനിയാഴ്ച മോചിപ്പിക്കേണ്ടിയിരുന്ന 620 പലസ്തീന്‍ തടവുകാരുടെ മോചനം വെെകുമെന്നാണ് റിപ്പോർട്ട്. അടുത്ത ബന്ദികെെമാറ്റത്തിൽ ഹമാസിന്റെ 'അപമാനകരമായ ചടങ്ങുകൾ' ഒഴിവാക്കിയാൽ മാത്രമേ തടവുകാരെ മോചിപ്പിക്കുവെന്ന് ഇസ്രയേല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ജീവനോടെ കെെമാറുന്ന അവസാന സംഘത്തെയാണ് ഹമാസ് ശനിയാഴ്ച മോചിപ്പിച്ചത്.
ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന വെടിനിർത്തൽ കരാർ പ്രകാരം, 25 ഇസ്രയേൽ ബന്ദികളെ കൃത്യമായി ചിട്ടപ്പെടുത്തിയ ചടങ്ങുകളോടെയാണ് ഹമാസ് കൈമാറിയത്. മുഖംമൂടി ധരിച്ച ഹമാസ് അംഗങ്ങൾ തടവുകാരെ ഒരു തുറന്ന വേദിയിലേക്ക് നടത്തുകയും കാണാൻ ഒത്തുകൂടിയ ഗാസ നിവാസികൾക്ക് നേരെ കൈവീശാൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നുവെന്നുമാണ് ഇസ്രയേലിന്റെ ആരോപണം.
ഗാസയിലെ ഇസ്രയേൽ ബന്ദികളെ കൈമാറുന്ന സമയത്തുള്ള ചടങ്ങുകളും അടുത്ത ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതുവരെയും തടവുകാരെ മോചിപ്പിക്കുന്നത് വൈകുമെന്ന് ഇസ്രയേൽ അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകിരിച്ചു. "നമ്മുടെ ബന്ദികളെ അപമാനിക്കുന്ന ചടങ്ങുകളും പ്രചാരണത്തിനായി ബന്ദികളെ നിന്ദ്യമായി ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള ഹമാസിന്‍റെ ആവർത്തിച്ചുള്ള കരാർ ലംഘനം കണക്കിലെടുത്ത്, ഇന്നലെ (ശനിയാഴ്ച) ആസൂത്രണം ചെയ്തിരുന്ന ഭീകരരുടെ മോചനം അപമാനകരമായ ചടങ്ങുകൾ ഇല്ലാതെ അടുത്ത ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതുവരെ വൈകിപ്പിക്കാൻ തീരുമാനിച്ചു.” നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ നടത്തുന്നത് കരാർ ലംഘനമാണെന്നായിരുന്നു ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ-ഖാനൗവിന്റെ പ്രതികരണം.
റഫയിൽ വെച്ചായിരുന്നു ഇന്നലത്തെ ആദ്യത്തെ ബന്ദി കൈമാറ്റം നടന്നത്. കിബ്ബട്സ് ബേരിയിൽ നിന്നും ബന്ദിയാക്കിയ 40കാരനായ ടാൽ ഷോഹം, 2014 മുതല്‍ കസ്റ്റഡിയിലുണ്ടായിരുന്ന വെരാ മെംഗിസ്തു എന്നിവരെയാണ് ഹമാസ് ആദ്യം മോചിപ്പിച്ചത്. ഇരുവരെയും റെഡ് ക്രോസിനും തുടർന്ന് ഇസ്രയേൽ സൈന്യത്തിനും കൈമാറുകയായിരുന്നു. മോചനത്തിൽ ഇസ്രയേൽ ബന്ദി ഒമർ ഷേം ടോവ്, ഹമാസ് പ്രവർത്തകൻ്റെ നെറ്റിയിൽ ചുംബിച്ചതും അപൂർവ ദൃശ്യങ്ങളിലൊന്നായി. അടുത്ത മണിക്കൂറുകളിൽ മൂന്ന് പേരെയാണ് ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. 27കാരനായ എലിയ കോഹൻ, 22 കാരനായ ഒമർ ഷെം ടോവ്, 23കാരനായ ഒമർ വെങ്കർട്ട് എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിൽ നിന്നാണ് മൂവരെയും ഹമാസ് ബന്ദിയാക്കിയത്. തുടർന്ന് അടുത്ത മണിക്കൂറുകളിൽ 36കാരനായ ഹിഷാം അൽ സെയ്ദിനെ സൈനിക പരേഡുകളില്ലാതെ ഹമാസ് റെഡ്ക്രോസിന് കൈമാറി. സെയ്ദിൻ്റെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ഹമാസിൻ്റെ ഈ തീരുമാനം. 2015 മുതല്‍ ഹമാസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്ന അറബ് ഇസ്രയേൽ പൗരനാണ് ഹിഷാം അൽ സെയ്ദ്.
ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഹമാസ് ബന്ദിയാക്കിയ 33 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 2000ത്തോളം പലസ്തീൻ തടവുകാരെയും കൈമാറുന്നതാണ് ഗാസ വെടിനിർത്തൽ കരാറിൻ്റെ ആദ്യഘട്ടം. കരാർ പ്രകാരം ഇതുവരെ നാല് പേരുടെ മൃതദേഹം ഉൾപ്പടെ 25 പേരെയാണ് ഹമാസ് മോചിപ്പിച്ചത്. 1755 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.