വെസ്റ്റ് ബാങ്കില്‍ ബന്ദികളായിരുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇസ്രയേല്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തൊഴിലാളികളെ ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കില്‍ എത്തിക്കുകയായിരുന്നു എന്നാണ് ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വെസ്റ്റ് ബാങ്കില്‍ ബന്ദികളായിരുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇസ്രയേല്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി
Published on
Updated on


വെസ്റ്റ് ബാങ്കില്‍ ബന്ദികളായിരുന്ന ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചതായി ഇസ്രയേല്‍. നിര്‍മാണ തൊഴിലാളികളായ പത്ത് പേരെ കണ്ടെത്തി തിരികെയെത്തിച്ചെന്നാണ് ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. മോചിപ്പിക്കപ്പെട്ടവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ ഇസ്രയേല്‍ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും എംബസി അറിയിച്ചു.

തൊഴിലാളികള്‍ ഒരു മാസത്തിലേറെയായി തടങ്കലിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ രാത്രിയില്‍, നീതി മന്ത്രാലയവുമായി ചേര്‍ന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ഓപ്പറേഷനിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നിയമാനുസൃതമാണോ ഇവര്‍ ജോലിക്കെത്തിയതെന്നും, അതിന്റെ സാഹചര്യങ്ങളും ഉള്‍പ്പെടെ പരിശോധിച്ചശേഷമാകും അടുത്ത നടപടി.

തൊഴിലാളികളെ ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിലെ അല്‍ സായെം ഗ്രാമത്തില്‍ എത്തിക്കുകയായിരുന്നു എന്നാണ് ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജോലിക്കായി എത്തിയപ്പോള്‍ തന്നെ, പലസ്തീന്‍ സംഘം തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും അത് ഉപയോഗിച്ച് ഇസ്രയേലിലേക്ക് കടക്കാനും ശ്രമിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്രയേലില്‍ നിര്‍മാണ മേഖലയില്‍ ജോലി തേടിയെത്തിയവരായിരുന്നു ഇവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുശേഷം, പലസ്തീനില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികള്‍ക്ക് ഇസ്രയേലിലേക്ക് പ്രവേശന വിലക്കുണ്ട്. ഇതേത്തുടര്‍ന്നാണ് പതിനായിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഇസ്രയേലിലേക്ക് എത്തിച്ചേര്‍ന്നത്. ഇങ്ങനെ എത്തിയവരെയാണ് വെസ്റ്റ് ബാങ്കില്‍ തടഞ്ഞുവെച്ചതെന്നാണ് കരുതുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com