
സെൻട്രൽ ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള മേഖലയിൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രത്യാക്രമണത്തിനായി ഹെസ്ബുള്ള ഇസ്രയേലിലേക്ക് തൊടുത്ത റോക്കറ്റ് നിർവീര്യമാക്കിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ലെബനനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേൽ.
രണ്ട് ദിവസത്തിനിടെ ബെയ്റൂട്ടിലേക്ക് ഇസ്രയേൽ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ലെബനൻ പാർലമെൻ്റ്, വിവിധ എംബസികൾ, യുഎൻ കെട്ടിടം, ആരാധനാലയം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കാണ് ആക്രമണം നടത്തിയതെന്ന് ലെബനൻ സർക്കാർ വ്യക്തമാക്കി.
അതേസമയം ലെബനനിൽ നിന്ന് ഹെസ്ബുള്ളയും പ്രത്യാക്രമണം നടത്തി. ഇസ്രയേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ഇസ്രയേൽ സൈന്യം നിർവീര്യമാക്കിയെന്നാണ് റിപ്പോർട്ടുകൾ. റോക്കറ്റിൻ്റെ അവശിഷ്ടങ്ങൾ വീണ് അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു സ്ത്രീയുടെ സ്ഥിതി ഗുരുതരമാണ്.
കഴിഞ്ഞ ആഴ്ചയോടെ ലെബനീസ് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. എട്ട് ആഴ്ചയ്ക്കുള്ളിൽ പത്തുലക്ഷം ആളുകളാണ് ലെബനനിൽ നിന്ന് പാലായനം ചെയ്തത്. ലെബനനിൽ കഴിഞ്ഞ ഒക്ടോബർ മുതലുള്ള ഇസ്രയേൽ ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 3,481 ആയി. 14,786 പേർക്ക് ഇതുവരെ പരുക്കേറ്റതായാണ് ഏറ്റവും പുതിയ കണക്ക്.