
ഗാസയിലേക്കുള്ള അധിനിവേശ ആക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളെ കൂടുതല്‍ ലക്ഷ്യം വെക്കുകയാണ് ഇസ്രയേല്‍ സൈന്യം. അഭയാർഥി കുടുംബങ്ങള്‍ തിങ്ങിപ്പാർക്കുന്ന ഉത്തര ഗാസയിലേക്ക് പത്തുദിവസത്തിലധികമായി നിരന്തര വ്യോമാക്രമണങ്ങളാണ് നെതന്യാഹുവിൻ്റെ സൈന്യം നടത്തിയത്.
ഉത്തര ഗാസയിലെ ജബാലിയയില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇരയായവരെ ജീവനോടെയോ അല്ലാതെയോ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അടിയന്തര സുരക്ഷാവിഭാഗമായ പലസ്തീനിയന്‍ സിവില്‍ ഡിഫന്‍സ്. ഒക്ടോബർ 15 ന് ഉത്തര ഗാസയിലുടനീളമുണ്ടായ വ്യോമാക്രമണത്തിൽ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, പലരേയും രക്ഷാപ്രവർത്തകർക്ക് തിരിച്ചെടുക്കാനായത് മൃതദേഹങ്ങളായാണ്.
ALSO READ: ഒരു കിലോ തക്കാളിക്ക് 180 ഡോളർ മുതൽ, ഒരു കിലോ പഞ്ചസാര 60 ഡോളർ വരെ; വിലക്കയറ്റത്തിൽ വലഞ്ഞ് ഗാസയിലെ ജനങ്ങൾ
അൽ-ഫലൌജയിലെ തെരുവുകളില്‍ രക്ഷാപ്രവർത്തനം തുടരവെയാണ് ഒക്ടോബർ 15 ന് വീണ്ടും ആക്രമണം നടന്നത്. അഭയാർഥി കുടുംബങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് നടന്ന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 13 പേർ കൊല്ലപ്പെട്ടു. ഇതില്‍ 7 പേരുടെ മൃതദേഹം മാത്രമാണ് ആദ്യഘട്ടത്തിൽ കണ്ടെത്താനായത്. ആക്രമണം നടന്ന് 30 മിനിറ്റുകള്‍ക്കകം രക്ഷാപ്രവർത്തകർ എത്തിയെങ്കിലും 2 മണിക്കൂറോളം തെരച്ചില്‍ നടത്തിയ ശേഷമാണ് ആദ്യ മൃതദേഹം എങ്കിലും കണ്ടെടുക്കാനായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞവർഷം ഒക്ടോബർ 7 ന് ആരംഭിച്ച സംഘർഷത്തിൽ ആദ്യ മാസങ്ങളിൽ നിരന്തര ആക്രമണങ്ങള്‍ നേരിട്ട മേഖലയാണിത്. നിരന്തര ആക്രമണങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലേറെയും തകർക്കപ്പെട്ടു. ഇസ്രയേല്‍ അധിനിവേശാക്രമണത്തില്‍ ഗാസ മുനമ്പിലുടനീളം ഇതുവരെ, 42,409 പേർ കൊല്ലപ്പെടുകയും, 99,153 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് ഗാസ ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന പുതിയ കണക്ക്.