
ബഷർ അല്‍ അസദ് ഭരണകൂടത്തിനെ വിമതർ അട്ടിമറിച്ചതിന് പിന്നാലെ സിറിയയില്‍ ഇസ്രയേല്‍, യുഎസ് വ്യോമാക്രമണങ്ങള്‍. യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി 48 മണിക്കൂറിനുള്ളില്‍ 250ലധികം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. അസദ് സർക്കാരിന്‍റെ പക്കലുണ്ടെന്ന് സംശയിക്കുന്ന രാസായുധങ്ങള്‍ 'തീവ്രവാദികളുടെ' കൈകളില്‍ എത്താതിരിക്കാനാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളായിരുന്നു യുഎസ് ലക്ഷ്യമാക്കിയത്.
നൂതന മിസൈൽ സംഭരണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ആയുധ ഉൽപ്പാദന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണങ്ങളെന്നാണ് പുറത്തുവരുന്ന വിവരം. അസദ് ഭരണകൂടം വികസിപ്പിച്ച രാസായുധ സൈറ്റുകളിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അസദിന്‍റെ പതനത്തോടെ സിറിയയുമായി അതിർത്തി പങ്കിടുന്ന ഗോലാനില്‍ ഇസ്രയേല്‍ അധിക സൈനികരെ വിന്യസിച്ചു. സിറിയ-ഇസ്രയേല്‍ അതിർത്തിയിലെ ബഫർ സോണാണ് ഗോലാന്‍. നിലവില്‍ ഇസ്രയേല്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. ഇസ്രയേലിന്‍റെ ഈ കയ്യേറ്റത്തെ ഖത്തറും ഇറാഖും സൗദി അറേബ്യയും അപലപിച്ചു. 1974-ലെ വെടിനിർത്തൽ കരാറിന്‍റെ ലംഘനമാണിതെന്നാണ് യു.എൻ സമാധാന സേന ആരോപിക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളായതിനെ തുടർന്ന് അതിർത്തി പ്രദേശങ്ങളായ ഒഫാനിയ, ഖുനീത്ര, അൽ-ഹമീദിയ്യ, സംദാനിയ അൽ-ഗർബിയ്യ, അൽ-ഖഹ്താനിയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ പ്രതിരോധ സേന ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.
Also Read: സിറിയയില്‍ വിമത സർക്കാരിന് അധികാരം കൈമാറുന്നതിന് സമ്മതമറിയിച്ച് മുന്‍ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി
സിറിയയിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം യുഎസും പ്രയോജനപ്പെടുത്തി. ഞായറാഴ്ച സെൻട്രൽ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസും ആക്രമണങ്ങള്‍ സംഘടിപ്പിച്ചു. 75നു മുകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിലാണ് യുഎസ് വ്യോമാക്രമണങ്ങള്‍ നടന്നത്. ഇക്കാര്യം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് തഹ്‌രീർ അൽ ഷാം നേതൃത്വം കൊടുക്കുന്ന വിമത സംഘം സിറിയ പിടിച്ചടക്കിയത്. നവംബറില്‍ തുർക്കി അതിർത്തി പ്രദേശത്തുള്ള ഇദ്‌ലിബ് പിടിച്ചെടുത്തുകൊണ്ടാരംഭിച്ച വിമതമുന്നേറ്റമാണ് ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിന്‍റെ പതനത്തില്‍ കലാശിച്ചത്. തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളയുകയായിരുന്നു. ഇതുനു പിന്നാലെ രാജ്യം വിട്ട ബഷറും കുടുംബവും റഷ്യയില്‍ അഭയം പ്രാപിച്ചു. ബഷറിനു രാഷ്ട്രീയാഭയം നൽകിയതായി റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു.