ഗാസയ്ക്കെതിരെ ഇസ്രാസേൽ ഉപയോഗിച്ചത് ഇന്ത്യൻ ആയുധങ്ങൾ? വാർത്തകൾ സാധൂകരിക്കുന്ന പ്രതികരണവുമായി ഇസ്രായേൽ മുൻ അംബാസിഡർ

കാർ​ഗിൽ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയ്ക്ക് ആയുധം നൽ‌കിയതിനുള്ള നന്ദി സൂചകമായി മാത്രം ഇതിനെ കണ്ടാൽ‌ മതിയെന്ന് ഡാനിയേൽ കാർമോൺ
ഗാസയ്ക്കെതിരെ ഇസ്രാസേൽ ഉപയോഗിച്ചത് ഇന്ത്യൻ ആയുധങ്ങൾ? വാർത്തകൾ സാധൂകരിക്കുന്ന പ്രതികരണവുമായി ഇസ്രായേൽ മുൻ അംബാസിഡർ
Published on

ഗാസയ്ക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇന്ത്യൻ ആയുധങ്ങളും ഉപയോ​ഗിച്ചുവെന്ന വാർത്തകൾക്കിടെ ഇത് സാധൂകരിക്കുന്ന പ്രതികരണവുമായി ഇസ്രായേൽ മുൻ അംബാസിഡർ. കാർ​ഗിൽ യുദ്ധത്തിൽ ഇസ്രായേൽ ഇന്ത്യയ്ക്ക് ആയുധം നൽ‌കിയതിനുള്ള നന്ദി സൂചകമായി മാത്രം ഇതിനെ കണ്ടാൽ‌ മതിയെന്നാണ് മുൻ അംബാസിഡർ ഡാനിയേൽ കാർമോൺ പറ‍ഞ്ഞത്. ഗാസ ആക്രമിക്കാൻ ഇന്ത്യൻ ആയുധം ഉപയോഗിച്ചുവെന്ന വാർത്ത അൽ ജസീറ ചാനലാണ് നേരത്തേ പുറത്തുവിട്ടത്.

ഗാസയിലെ നസ്രത്ത് അഭയാർ‌ത്ഥി ക്യാമ്പിനരികിലേക്ക് ​ജൂൺ 6 ന് ഇസ്രായേൽ‌ തൊടുത്തുവിട്ട മിസൈലിൻ്റെ തെറിച്ചുവീണ ഇരുമ്പു പ്രതലത്തിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് ബ്രാൻഡ് ചെയ്തതിൻ്റെ വീഡിയോ സഹിതം ചേ‍ർത്തുകൊണ്ടൊരു വാർത്ത അൽ ജസീറ പുറത്തുവിട്ടിരുന്നു. ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഇസ്രായേൽ ​ഗാസയിൽ ഉപയോ​ഗിച്ചുവെന്നായിരുന്നു ആ വാർത്ത. ഇപ്പോൾ മുൻ ഇസ്രായേൽ അംബാസിഡർ‌ ഡാനിയൽ കാർമോണിൻ്റെ പ്രതികരണം ഇതിനെ സാധൂകരിക്കുന്നു. 2014 മുതൽ 2018 വരെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറായിരുന്നു കാർമോൺ.

ബൊർകും സെൻ ജോൺസ് എന്ന കപ്പൽ മെയ് 14 നും മരിയാന ഡാനിക്ക മെയ് 21 നും സ്പെയിനിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. ഗാസയ്ക്ക് 30 കിലോമീറ്റ‍‍ർ മാത്രം ദൂരെയുള്ള ഇസ്രായേലിലെ അഷദോദിലേക്കുള്ള കപ്പൽ സ്പെയിനിലെ കാർത്തജീനയിൽ നങ്കൂരമിടാൻ അനുമതി ചോദിച്ചെങ്കിലും ആയുധം നിറച്ച കപ്പലെന്ന സംശയത്തെ തുടർന്ന് സ്പെയിൻ അനുവദിച്ചില്ല. കപ്പൽ അടുപ്പിക്കരുതെന്ന് സ്പാനിഷ് പാർലമെൻ്റിലെ ഇടത് അം​ഗങ്ങളും മറ്റ് പലസ്തീൻ അനുകൂലികളും ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന് കത്ത് നൽകി.

കപ്പൽ‌ അടുപ്പിക്കുന്നത് സ്പെയിൻ വിലക്കി. വിദേശകാര്യമന്ത്രി ഹോസെ മാന്യുൽ ആൽ‌ബേർ ഇത് സ്ഥിരീകരിച്ചു. മിഡിൽ ഈസ്റ്റിന് വേണ്ടത് സമാധാനമാണ് ആയുധങ്ങളല്ല എന്നായിരുന്നു സ്പാനിഷ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മെയ് 21 ന് വന്ന കപ്പൽ ചെന്നൈയിൽ നിന്നുള്ളതാണെന്നും കപ്പലിലുള്ളത് 27 ടൺ ആയുധങ്ങളും സൈനിക സാമഗ്രികളുമാണ് എന്നുമുള്ള വാർത്ത സ്പെയിനിലെ എൽ പായിസ് പത്രവും അൽ ജസീറയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ വാർത്തയായി നൽകി.

ആയുധ സാമ​ഗ്രി നിർമാണ ഗ്രൂപ്പായ ഇസ്രായേലിലെ എൽബിറ്റ് സിസ്റ്റംസും അദാനി ഡിഫൻസ് ആൻ്റ് എയ്റോസ്പെയിൻസും നിർമ്മിച്ചവയാണ് ​ഗാസയിലേക്ക് ഇസ്രായേലിന് വേണ്ടി എത്തിച്ച ആയുധങ്ങൾ‌ എന്നാണ് അൽ ജസീറയുടെ വാർത്തയിലുള്ളത്. ഡ്രോണും പീരങ്കി ഷെല്ലുകളും ഹെർമിസ് 900 ഡ്രോണുകളും ഇന്ത്യ നൽകിയെന്നും ഷെല്ലുകളും ആയുധസാമ​ഗ്രികളും ​യുദ്ധത്തിന് മുന്നേ ഇസ്രായേൽ സൈനികർ‌ പരിശീലനത്തിന് ഉപയോ​ഗിച്ചതായും ഇസ്രായേൽ പത്രമായ ഹാരെറ്റ്സും റിപ്പോർട്ട് ചെയ്തു.

എന്നാൽ ആയുധങ്ങളല്ല, പ്രതിരോധ സാമഗ്രികളാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് അദാനി ഡിഫൻസ് കമ്പനിയുടെ വിശദീ​കരണം. അതേസമയം ഇസ്രായേലുമായുള്ള കരാറുകൾ കമ്പനി വരുമാനത്തിൽ ഗുണമുണ്ടാക്കി എന്നാണ് റോക്കറ്റ് മോട്ടോറുകളും പ്രൊപ്പല്ലറുകളും നിർമിക്കുന്ന ഹൈദരാബാദിലെ പ്രീമിയർ എക്സ്പ്ലോസീവ്സ് ലിമിറ്റഡിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ചൗധരി പറയുന്നത്. ഇസ്രായേലിലേക്ക് പ്രതിരോധ സാമ​ഗ്രികൾ കയറ്റി അയച്ചതിന് ഓർഡർ ധാരാളം ലഭിച്ചിരുന്നതായും ചൗധരി പറഞ്ഞു. ഇതും അൽ ജസീറയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ വാർ‌ത്തകളോടൊന്നും ഇന്ത്യ ഇനിയും ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com