
വെടിനിര്‍ത്തലും, സമാധാന കരാര്‍ ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തില്‍ ഹമാസിന് പുതിയ മുന്നറിയിപ്പുമായി ഇസ്രയേല്‍. ബന്ദികളെ എത്രയും വേഗം വിട്ടയയ്ക്കണം. അല്ലെങ്കില്‍, ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും. മേഖലയില്‍ ഇസ്രയേല്‍ 'സ്ഥിരസാന്നിധ്യം' നിലനിര്‍ത്തുമെന്നും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ജനുവരി 19ന് ധാരണയായ വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, മധ്യസ്ഥരുമായി ആശയവിനിമയം തുടരുകയാണെന്ന് ഹമാസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കാറ്റ്സിന്റെ പ്രസ്താവന.
മേഖലയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും, കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനും, ഇസ്രയേല്‍ സമൂഹങ്ങളെയും ഐഡിഎഫ് സൈനികരെയും സംരക്ഷിക്കുന്നതിനുമായി ഗാസയ്ക്കു ചുറ്റുമുള്ള സുരക്ഷാ മേഖല വികസിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് കാറ്റ്സ് നിര്‍ദേശം നല്‍കിയിരുന്നു. ബന്ദിക്കളാക്കിയവരെ വിട്ടയയ്ക്കാന്‍ ഹമാസ് വിസമ്മതിക്കുന്നത് തുടരുന്തോറും പലസ്തീന് കൂടുതല്‍ പ്രദേശങ്ങള്‍ നഷ്ടപ്പെടും. ഇസ്രയേല്‍ ആവശ്യങ്ങള്‍ ഹമാസ് അനുസരിച്ചില്ലെങ്കില്‍, ഗാസയുടെ ചില ഭാഗങ്ങള്‍ സ്ഥിരമായി കൈവശപ്പെടുത്തുമെന്ന ധ്വനിയോടെയാണ് കാറ്റ്സിന്റെ വാക്കുകള്‍. യുഎസ് പ്രസിഡന്റ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‍കോഫിന്റെ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ പാലിക്കുന്നുണ്ടെന്നും കാറ്റ്സ് പറഞ്ഞു. അതേസമയം, വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെ തുടങ്ങിയ ആക്രമണം ഇസ്രയേല്‍ കടുപ്പിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിനു പിന്നാലെ, കടല്‍, കര മാര്‍ഗമുള്ള ആക്രമണവും ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 19നാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടുന്നത്. 42 ദിവസത്തിന്റ ആദ്യ ഘട്ടം. കരാറില്‍ ഉറച്ചുനില്‍ക്കുമെന്ന് ഇരുപക്ഷത്തിന്റെയും ഉറപ്പ്. രണ്ടാം ഘട്ടത്തില്‍, ഇസ്രയേൽ ഗാസയിൽ നിന്ന് പൂർണമായും പിൻവാങ്ങുകയും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാകുകയും വേണം. പകരം, ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കണം. എന്നാല്‍ വ്യവസ്ഥകളില്‍ മാറ്റം വേണമെന്നാണ് ഇസ്രയേലിന്റെ പുതിയ നിലപാട്. പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് തുടരണം. പക്ഷേ, യുദ്ധം അവസാനിപ്പിക്കാനോ സൈന്യത്തെ പിൻവലിക്കാനോ ഇസ്രയേല്‍ തയ്യാറായില്ല. ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ്, റമദാനിലും, ഏപ്രില്‍ അവസാനം പെസഹാ നാള്‍ വരെയും വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാന്‍ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദേശിക്കുന്നത്. അതില്‍ ജനുവരിയിലെ നിര്‍ദേശങ്ങളോ വാഗ്ദാനങ്ങളോ ഉള്‍പ്പെടുന്നില്ലെന്നായിരുന്നു ഇസ്രയേലിന്റെ പ്രതികരണം. എന്നാല്‍, പുതിയ വ്യവസ്ഥകള്‍ പറഞ്ഞ് വെടിനിര്‍ത്തല്‍ കരാറിനെയും സമാധാന ശ്രമങ്ങളെയും ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് ഹമാസും ആരോപിച്ചിരുന്നു.
വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം കഴിഞ്ഞതോടെ, ഇസ്രയേല്‍ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളത്രയും തടഞ്ഞു. ലോകം ഗാസയിലേക്ക് അയച്ച ഭക്ഷ്യസാധനങ്ങളും, മെഡിക്കല്‍ സഹായങ്ങളുമായെത്തിയ ട്രക്കുകള്‍ അതിര്‍ത്തിയില്‍ വലിയ നിര തീര്‍ത്തു. കുടിവെള്ളവും ഭക്ഷണവും തുടങ്ങി ആശുപത്രിയിലേക്കുള്ള അത്യാവശ്യ സാമഗ്രികള്‍ വരെ ഇത്തരത്തില്‍ ഇസ്രയേല്‍ തടഞ്ഞിട്ടു. പിന്നാലെയായിരുന്നു വ്യോമാക്രമണം. നൂറുകണക്കിന് ജീവനുകള്‍ പൊലിഞ്ഞു. കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പലസ്തീന്‍ നിര്‍മിതികള്‍ കൂട്ടമായി തകര്‍ക്കപ്പെട്ടു. ഊര്‍ജവിതരണം തടസപ്പെട്ടതോടെ, കുടിവെള്ളം കിട്ടാതായി. പാചക വാതകം തീര്‍ന്നതുകൊണ്ട് അടച്ചുപോയ ബേക്കറികളും, ഭക്ഷണ ക്യാംപുകളും ഏറെയായി. ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ വരി നിന്നു. അപ്പോഴേക്കും ഇസ്രയേല്‍ ആക്രമണത്തിന്റെ തീവ്രതയേറി. 2023 നവംബർ ഏഴ് മുതല്‍, വെടിനിര്‍ത്തല്‍ തുടങ്ങിയ 2025 ജനുവരി വരെ ഗാസയില്‍ കൊല്ലപ്പെട്ടത് 46,913 പേരായിരുന്നു. അതില്‍ 17,492 പേര്‍ കുട്ടികളായിരുന്നു. 11,160 പേരെ കാണാതായി. ജനുവരി 19 മുതല്‍ മാര്‍ച്ച് 17 വരെയുള്ള വെടിനിര്‍ത്തല്‍ കാലയളവില്‍, 170 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, മാര്‍ച്ച് 18ന് തുടങ്ങിയ ആക്രമണങ്ങളില്‍ മരണം 500 കവിഞ്ഞു. അറുന്നൂറിലേറെ പേര്‍ക്ക് പരിക്കുമേറ്റു. അതിലേറെയും കുട്ടികളാണ്.