ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു: 280-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു

ലബനന്‍റെ തെക്കൻ പട്ടണമായ ടെബ്‌നൈനിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു: 280-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു
Published on

ഇസ്രയേൽ പ്രതിരോധ സേന ബുധനാഴ്ച തെക്കൻ ലബനനിലും ബെക്കയുടെ കിഴക്കൻ പ്രദേശത്തും വ്യോമാക്രമണം തുടരുകയാണ്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഹിസ്ബുള്ളയുടെ 280 ഓളം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.

ലബനന്‍റെ തെക്കൻ പട്ടണമായ ടെബ്‌നൈനിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലബനനിലെ ബാൽബെക്ക്-ഹെർമൽ പ്രദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൻ്റെ ആസ്ഥാനം ലക്ഷ്യമാക്കി ടെൽ അവീവ് മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ഹിസ്ബുള്ളയും അറിയിച്ചു. എന്നാല്‍, ആ മിസൈൽ തകർത്തതായി ഐഡിഎഫ് പറഞ്ഞു.

അതിനിടെ, ലബനനിലെ പേജർ സ്ഫോടനത്തിൽ നോർവീജിയൻ സുരക്ഷാ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഹിസ്ബുള്ളയ്ക്ക് പേജറുകൾ നൽകിയത് നോർവീജിയൻ ഉടമസ്ഥതയിലുള്ള കമ്പനിയാണെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. സ്ഫോടനവുമായി ബന്ധപ്പെട്ട് നിലവിൽ ബൾഗേറിയ, തായ് വാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ അന്വേഷണം നടത്തുന്നുണ്ട്. ലബനനിൽ കഴിഞ്ഞ ആഴ്ചയാണ് ആയിരക്കണക്കിന് പേജറുകൾ പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെട്ടത്.

ഇറാനിൽ റെവല്യൂഷണി ഗാർഡ് ഉദ്യോഗസ്ഥർ ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. രാജ്യത്ത് നിർമിച്ചത് കൂടാതെ ചൈന, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാരാളം ഉപകരണങ്ങൾ ഇറാൻ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാൻ്റെ പ്രതിരോധ നീക്കം. നിലവിൽ ആശയവിനിമയം ഉൾപ്പടെ എല്ലാതരം സാങ്കേതിക വിദ്യകളും ഇറാൻ വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com