
യെമന്‍ തുറമുഖ നഗരമായ ഹൊദൈദയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഇന്ധന സംഭരണശാലയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമണമെന്ന് ഹൂതി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളും പരുക്കേറ്റവരുടെ എണ്ണവും ഇതുവരെ കണക്കാക്കാനായിട്ടില്ല.
ടെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തിന്‍റെ തിരിച്ചടിയായി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യെമനില്‍ ആക്രമണം നടത്തുമ്പോള്‍ തന്നെ ഗാസയിലും ഇസ്രയേല്‍ ബോംബിങ്ങ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഗാസയില്‍ 37 പേര്‍ മരിക്കുകയും 54 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഇതുവരെ ഗാസ-ഇസ്രയേല്‍ യുദ്ധത്തില്‍ 38,919 പേര്‍ മരിക്കുകയും 89,622 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,139 പേര്‍ മരിക്കുകയും നിരവധി പേര്‍ ബന്ദിയാക്കപ്പെടുകയും ചെയ്തിരുന്നു.