"ഹമാസല്ല, ഗാസയിലെ ഓരോ കുഞ്ഞുങ്ങളും ശത്രുക്കൾ"; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഇസ്രയേൽ വലതുപക്ഷ നേതാവ്

ഗാസയിലെ ഒരു കുഞ്ഞ് പോലും അവിടെ അവശേഷിക്കില്ലെന്നും ഇതല്ലാതെ ഇസ്രയേലിന് മറ്റൊരു വിജയവുമില്ലെന്നും മോഷെ ഫീഗ്ലിൻ പറഞ്ഞു
"ഹമാസല്ല, ഗാസയിലെ ഓരോ കുഞ്ഞുങ്ങളും ശത്രുക്കൾ"; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി  ഇസ്രയേൽ വലതുപക്ഷ നേതാവ്
Published on

ഗാസയിലെ ഓരോ കുഞ്ഞുങ്ങളും ശത്രുക്കളാണെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാവ് മോഷെ ഫീഗ്ലിൻ. ഇസ്രയേൽ പാർലമെന്റ് (നെസ്സെറ്റ്) മുൻ അംഗം കൂടിയായ മോഷെ ഫീഗ്ലിൻ, ഇസ്രയേലി ടിവി ചാനൽ 14നോട് സംസാരിക്കവെയാണ് മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തിയത്. ശത്രു ഹമാസല്ല, ഹമാസിന്റെ സൈനിക വിഭാഗവുമല്ല, ഗാസയിലെ ഓരോ കുഞ്ഞുങ്ങളും ശത്രുക്കളാണെന്നായിരുന്നു മോഷെ ഫീഗ്ലിൻ്റെ പരാമർശം.


"ഗാസയിലെ ഓരോ കുഞ്ഞുങ്ങളും നമ്മുടെ ശത്രുക്കളാണ്. നമ്മൾ ഗാസ പിടിച്ചടക്കി അത് പരിഹരിക്കണം. ഗാസയിലെ ഒരു കുഞ്ഞ് പോലും അവിടെ അവശേഷിക്കില്ല. ഇതല്ലാതെ മറ്റൊരു വിജയവുമില്ല," ടിവി പരിപാടിക്കിടെ മോഷെ ഫീഗ്ലിൻ പറഞ്ഞു. ഗാസയിലെ ഒരോ കുഞ്ഞുങ്ങളെയും കൊല്ലുന്നത് ഇസ്രയേലിന് ഒരു ഹോബിയാണെന്ന് വിരമിച്ച ഐഡിഎഫ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് യെയർ ഗോലൻ നേരത്തെ ആരോപിച്ചിരുന്നു.  പിന്നാലെയാണ് മോഷെ ഫീഗ്ലിന്റെ പരാമർശം.

ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഡെമോക്രാറ്റുകളുടെ തലവൻ കൂടിയായ യെയർ ഗോലൻ്റെ പ്രസ്താവന. " ഒരു സ്വബോധമുള്ള രാജ്യമായി പെരുമാറുന്നില്ലെങ്കിൽ, ഇസ്രയേൽ ദക്ഷിണാഫ്രിക്കയെപ്പോലെ ഒരു നിസ്സഹായ രാഷ്ട്രമായി മാറും," പത്രസമ്മേളനത്തിനിടെ യെയർ ഗോലൻ പറഞ്ഞു. സ്വബോധമുള്ള ഒരു രാജ്യവും സിവിലിയന്മാർക്കെതിരെ പോരാടില്ല, ഒരു ഹോബിയായി കുഞ്ഞുങ്ങളെ കൊല്ലില്ല. നിലവിലെ നേതൃത്വം പ്രതികാരബുദ്ധിയുള്ളവരാൽ നിറഞ്ഞതാണ്. ധാർമികതയില്ലാത്തതും പ്രതിസന്ധി ഘട്ടത്തിൽ രാജ്യം ഭരിക്കാനുള്ള കഴിവില്ലാത്തവരുമാണ്. ഇത് ഇസ്രയേലിൻ്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുമെന്നും യെയർ ആരോപിച്ചിരുന്നു.

അതേസമയം കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പടുകുഴിയിലാണിപ്പോൾ ​ഗാസ. ഇസ്രയേൽ ആക്രമണം വീണ്ടും കടുപ്പിച്ചതോടെ യാതനയുടെ പാരമ്യത്തിലാണ് ഗാസ അടക്കമുള്ള മേഖലകളിലെ മനുഷ്യർ. അവശ്യ മരുന്നുകളോ വെള്ളമോ ഭക്ഷണമോ എത്തിക്കാനാകുന്നില്ല പലയിടത്തും. 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിലെന്ന റിപ്പോർട്ടുകൾക്കിടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു.

സാധാരണക്കാർക്ക് മരുന്നും ഭക്ഷണവും പോലുള്ള സഹായങ്ങൾ ചെറിയ തോതിൽ എത്തിക്കുന്നത് തടയില്ല. ഈ ഔദാര്യവാക്ക് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റേതാണ്. എന്നാൽ അപ്പോഴും ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങൾ രൂക്ഷ ദാരിദ്ര്യത്തിലാണെന്നാണ് യുഎൻ നൽകുന്ന വിവരം. അതിഭീകരമായ ഭക്ഷ്യക്ഷാമം ​പലസ്തീൻ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com