
ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ആക്രമണത്തിന് ശേഷം വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുന്നുവെന്ന് റിപ്പോർട്ടുകൾ. പലസ്തീൻ ന്യൂസ് ഏജൻസിയായ വഫാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഇസ്രയേൽ സൈന്യം മേഖലയിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 21 പേർ കൊല്ലപ്പെട്ടുവെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്ക്.
ആക്രമണത്തിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് മേഖലയിലുണ്ടായിട്ടുള്ളത്. പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ തകർന്നു. ജെനിനിലും തുൽക്കാമിലും അഭയാർഥി ക്യാമ്പുകളിൽ ഉൾപ്പടെ വലിയ ആക്രമണമാണ് ഇസ്രയേൽ സൈന്യം അഴിച്ചുവിട്ടത്. അഭയാർഥി ക്യാമ്പുകളിൽ നിന്ന് നിരവധി പേർ ഒഴിഞ്ഞു പോയിരുന്നു. സ്വയം രക്ഷയുടെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേലിൻ്റെ ന്യായീകരണം.
കഴിഞ്ഞ ദിവസമാണ് വെസ്റ്റ്ബാങ്കിൽ ഭീകരവിരുദ്ധ പ്രവർത്തനമെന്ന നിലയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. സ്ഥിതിഗതികൾ രൂക്ഷമായതോടെ ആക്രമണം നിർത്തിവയ്ക്കാൻ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കുകയാണ് ഈ ആക്രമണമെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞിരുന്നു.പരമാവധി സംയമനം പാലിക്കുവാനും അദ്ദേഹം ഇസ്രയേലി സേനയോട് ആവശ്യപ്പെട്ടിരുന്നു.