കരാർ വ്യവസ്ഥകൾ ലബനൻ പൂർണമായി പാലിച്ചില്ല, ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ല; വെടിനിർത്തൽ കരാർ തള്ളി നെതന്യാഹു

ഒരുതരത്തിലുമുള്ള കരാർ ലംഘനവും അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള പ്രതികരിച്ചു
കരാർ വ്യവസ്ഥകൾ ലബനൻ പൂർണമായി പാലിച്ചില്ല, ഇസ്രയേൽ സൈന്യം പൂർണമായി പിൻമാറില്ല; വെടിനിർത്തൽ കരാർ തള്ളി നെതന്യാഹു
Published on


വെടിനിർത്തൽ കരാർ പ്രകാരമുള്ള സമയപരിധി അവസാനിക്കുന്ന തിങ്കളാഴ്ച ഇസ്രയേൽ സൈന്യം ലബനിൽ നിന്ന് പൂർണമായി പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ജമിൻ നെതന്യാഹു. കരാർ വ്യവസ്ഥകൾ ലബനൻ പൂർണമായി പാലിച്ചില്ലെന്ന് കാട്ടിയാണ് തീരുമാനമെന്നും നെതന്യാഹു പറഞ്ഞു. ലിറ്റാനിക്കപ്പുറത്തേയ്ക്ക് ഹിസ്ബുള്ള പിൻമാറണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നും ഇസ്രായേൽ ആരോപിക്കുന്നു. അതേസമയം, ഒരുതരത്തിലുമുള്ള കരാർ ലംഘനവും അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള പ്രതികരിച്ചു.


1.2 ദശലക്ഷത്തിലധികം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത ഹിസ്ബുള്ള- ഇസ്രയേല്‍ സംഘർഷം അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞവർഷം നവംബറിലാണ് ലബനന്‍ വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നത്. കരാർ വ്യവസ്ഥകള്‍ പ്രകാരം, 60 ദിവസത്തിനകം ലബനനില്‍ നിന്ന് ഇസ്രയേല്‍ സെെന്യത്തെ പൂർണ്ണമായി പിന്‍വലിക്കണം. ഈ സമയപരിധി ജനുവരി 26ന് അവസാനിക്കുമെന്നിരിക്കെയാണ് കരാറിനെ തള്ളിക്കൊണ്ട് ഇസ്രയേല്‍ മുന്നോട്ടുനീങ്ങുന്നത്.

കരാറില്‍ പറഞ്ഞിരിക്കുന്ന സമരപരിധിക്കപ്പുറവും തെക്കന്‍ ലബനനില്‍ ഐഡിഎഫ് തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവിന്‍റെ പ്രഖ്യാപനം. ഹിസ്ബുള്ള കേന്ദ്രങ്ങളും ആയുധങ്ങളും ഒഴിപ്പിക്കപ്പെട്ട മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സെെന്യം പിന്മാറുകയും അവിടെ ലെബനന്‍ സെെന്യം വിന്യസിക്കപ്പെടുകയും വേണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ പാലിക്കുന്നതില്‍ ലബനന്‍റെ ഭാഗത്തുനിന്നുള്ള നടപടികള്‍ കാര്യക്ഷമമല്ല എന്നാണ് ഇസ്രയേലിന്‍റെ വാദം. അമേരിക്കയുമായുള്ള പൂർണ്ണ ഏകോപനത്തോടെ ഘട്ടം ഘട്ടമായി സെെന്യത്തെ പിന്‍വലിക്കുന്നത് തുടരുമെങ്കിലും അത് തിങ്കളാഴ്ചയ്ക്കുള്ളിലുണ്ടാകില്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.

ലബനന്‍ സെെന്യത്തിന്‍റെ വിന്യാസം ദുർബലമാണെന്നും ഇത് ഹിസ്ബുള്ളയ്ക്ക് വീണ്ടും സംഘടിക്കാന്‍ അവസരം നല്‍കുമെന്നും ഇസ്രയേല്‍ വാദിക്കുന്നു. വ്യാഴാഴ്ച രാത്രി ചേർന്ന ഇസ്രയേല്‍ സുരക്ഷാ ക്യാബിനറ്റ് യോഗം ഇതുസംബന്ധിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതോടെ സെെന്യത്തെ പിന്‍വലിക്കാന്‍ 30 ദിവസത്തേക്കുകൂടി ഇസ്രയേല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് മുതിർന്ന ഇസ്രയേലി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് YNET ന്യൂസ് റിപ്പോർട്ടുചെയ്തത്.

തെക്കൻ ലബനനിലെ, പടിഞ്ഞാറന്‍ സെക്ടറില്‍ നിന്ന് ഇസ്രയേല്‍ സെെന്യം പിന്മാറിയതനുസരിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ലബനീസ് സെെന്യം വിന്യസിക്കപ്പെട്ടിരുന്നു. എന്നാല്‍ കിഴക്കന്‍ സെക്റ്ററിലെ പല ഗ്രാമങ്ങളിലും ഐഡിഎഫ് തുടരുകയാണ്. ഇവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിലാണ് കാലതാമസമുണ്ടാകാന്‍ പോകുന്നത്. എന്നാല്‍ 60 ദിവസത്തിനപ്പുറമുള്ള കാലതാമസം കരാറിൻ്റെ നഗ്നമായ ലംഘനമായി കാണുമെന്ന് ഹിസ്ബുള്ള പറഞ്ഞുകഴിഞ്ഞു. ഇതോടെ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യതകണക്കാക്കി ഇസ്രയേല്‍ സെെന്യം തയ്യാറെടുപ്പുകളാരംഭിച്ചെന്നാണ് ടെെംസ് ഓഫ് ഇസ്രയേലിന്‍റെ റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com