
ലബനന് പിന്നാലെ യെമനിലും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. യെമനിലെ ഹൊദൈദ, റാസ് ഇസ തുറമുഖങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൂതി വിമതർ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി.
യെമനിലെ രണ്ട് പ്രധാന തുറമുഖങ്ങളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ഒരു ഡസനോളം വരുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടന്ന വ്യോമാക്രമണത്തിൽ ഹൊദൈദ തുറമുഖത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടുകയും 29 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഇസ്രയേലിലെ ടെൽ അവീവിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിൻ്റെ പ്രത്യാക്രമണം. ഹൂതികൾ ആയുധം സംഭരിച്ച കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താൻ സാധിക്കാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കൾ മനസിലാക്കണമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
യെമൻ ആക്രമിക്കുമ്പോഴും ലബനനിലും ഇസ്രായേൽ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുള്ള നേതാവ് ഹസൻ നസ്റള്ള കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളക്കെതിരായ ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേൽ സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു.
ബെയ്‌റൂട്ടിൻ്റെ തെക്കൻ ജനവാസ മേഖലകളിൽ കടുത്ത വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഹസന്‍ നസ്‌റള്ളയെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തിൽ 700ലേറെ ആളുകൾ കൊല്ലപ്പെടുകയും, 1,18,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിന് പ്രത്യാക്രമണമായി ഇസ്രയേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ഹിസ്ബുള്ള പറഞ്ഞു.