ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു, 53 പേർക്ക് പരുക്ക്

പലായനം ചെയ്യാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബുധനാഴ്ച തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ആക്രമണം ഉണ്ടായി
ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു, 53 പേർക്ക് പരുക്ക്
Published on

ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റിറ്റുണ്ട്. കൊല്ലപ്പെട്ടവരിൽ നസ്രിയ ഗ്രാമത്തിൽ നിന്നുള്ള 16 പേരും ബാൽബെക്ക് നഗരത്തിൽ 11 പേരും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്.

ബാൽബെക്കിലെയും ബെക്കയിലെയും ഗവർണറേറ്റുകളിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക മന്ത്രി അറിയിച്ചു.

ബുധനാഴ്ച തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ആക്രമണം ഉണ്ടായി. ആക്രമണത്തിന് മുന്നോടിയായി ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഹിസ്ബുള്ള കമാൻഡ് സെൻ്ററുകൾ, ആയുധ സ്റ്റോറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും  ആക്രമിച്ചതായി സൈന്യം അറിയിച്ചു.

ലബനനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു പ്രദേശം ഉൾപ്പെടെ തെക്കൻ ബെയ്‌റൂട്ടിലെ നാലോളം പ്രദേശങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ലബനനിൽ നിന്ന് ഹിസ്ബുള്ള തൊടുത്തുവിട്ട റോക്കറ്റ്, വടക്കൻ ഇസ്രയേലിലെ കിബ്ബട്ട്സിന് സമീപത്തു വെച്ച് ഒരു ഇസ്രയേലിക്കാരനെ കൊന്നതായി പാരാമെഡിക്കുകൾ പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന നാല് നിലകളുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ നിന്ന് 30 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ലബനനിലെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com