
ഹമാസിന്റെ തടങ്കലിൽ ജീവിച്ചിരിക്കുന്ന അവസാന യുഎസ് പൗരനെയും വിട്ടയച്ചതായി ഹമാസ്. 21 കാരനായ ഈഡൻ അലക്സാണ്ടറിനെ റെഡ് ക്രോസിന് കൈമാറിയെന്ന് ഹമാസ് അറിയിച്ചു. യുഎസിലെ ന്യൂ ജഴ്സിയിലാണ് ഈഡൻ ജനിച്ച് വളർന്നത്. 2023ലായിരുന്നു ഇസ്രയേൽ സൈനികനായിരുന്ന ഈഡനെ ഹമാസ് തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ദിവസമാണ് ഈഡനെ വിട്ടയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. സമാധാനത്തിലേക്കുള്ള ചുവടുവെപ്പെന്നായിരുന്നു യുഎസിൻ്റെ പ്രതികരണം. ഇതൊരു നിർണായക ചുവടുവെപ്പായാണ് കാണുന്നതെന്നും ഹമാസിൻ്റെ കൈവശമുള്ള നാല് യുഎസുകാരുടെ മൃതദേഹം കൂടി അവർ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് പ്രതിനിധികൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
"ഈ ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും, ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും മൃതദേഹങ്ങളും അവരുടെ പ്രിയപ്പെട്ടവർക്ക് തിരികെ നൽകാനും, യുഎസിനോടും മധ്യസ്ഥരായ ഖത്തറിൻ്റേയും ഈജിപ്തിൻ്റേയും ശ്രമങ്ങളോടും നല്ല വിശ്വാസത്തോടെ സ്വീകരിച്ച ഒരു നടപടിയാണിത്," എന്നായിരുന്നു ഡൊണാൾഡ് ട്രംപ് ഒഫീഷ്യൽ ട്രൂത്ത് സോഷ്യൽ പേജിൽ കുറിച്ചത്.
ഇസ്രയേലി സൈനിക താവളത്തിൽ തൻ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കെട്ടിപ്പിടിച്ച് പുഞ്ചിരിക്കുന്ന എഡാൻ അലക്സാണ്ടറിനെ ചിത്രങ്ങൾ അവിടെയുള്ള ടെലിവിഷനിൽ പ്രദർശിപ്പിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു.