
യെമനില്‍ നിന്നും വിക്ഷേപിച്ച സര്‍ഫസ് ടു സര്‍ഫസ് മിസൈലിനെ വ്യോമ പ്രതിരോധ സംവിധാനം വഴി തടുത്തുവെന്ന് ഇസ്രയേല്‍. ചെങ്കടലിനോടു ചേര്‍ന്നുളള ഏയ്‌ലത് നഗരം ലക്ഷ്യമാക്കി പലതവണ മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ടെന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആക്രമണം.
ഇസ്രയേലിന്‍റെ ആരോ-3 മിസൈല്‍ പ്രതിരോധ സംവിധാനമാണ് മിസൈലിനെ തടഞ്ഞത്. മിസൈല്‍ ഇസ്രയേല്‍ അതിര്‍ത്തി കടക്കും മുന്‍പ് തന്നെ എയര്‍ റെയ്‌ഡ് സൈറൻ മുഴങ്ങുകയായിരുന്നു. ഇതോടെ നഗരവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
ഇസ്രയേലിലെ ടെല്‍ അവീവില്‍ ഹൂതികള്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യാക്രമണമെന്ന നിലയില്‍ യെമനിലെ തുറമുഖ നഗരമായ ഹൊദൈദയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേര്‍ മരിക്കുകയും 83 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ കൈവശം വന്‍ ആയുധശേഖരണമുണ്ടെന്നാണ് ഇസ്രയേല്‍ വാദം. അതു കൊണ്ടു തന്നെ ഹമാസിനെക്കാള്‍ വിനാശകാരികളായാണ് ഹൂതികളെ ഇസ്രയേല്‍ കാണുന്നത്.
അന്താരാഷ്ട്ര നീതി ന്യായ കോടതിക്കു മുന്‍പാകെ ഇസ്രയേലിന്‍റെ പലസ്തീന്‍ അധിനിവേശത്തെ ചോദ്യം ചെയ്തു കൊണ്ട് വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ അതിർത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രൂക്ഷമായത്.