
ഗാസയിലെ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ പട്ടിണിയും പോഷകാഹാരക്കുറവും ഇസ്രയേൽ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമാണെന്ന് ഐക്യരാഷ്ട്ര സംഘടന. ഗാസയിൽ കൃത്യമായി ഭക്ഷണം ലഭ്യമാകാതിരിക്കാൻ ഇസ്രയേൽ ക്യാമ്പയിൻ നടത്തുന്നതായി യു.എൻ വിദഗ്ദർ ആരോപിച്ചു. എന്നാൽ ഗാസ മുനമ്പിൽ ഇതുവരെ യുഎൻ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിച്ചിട്ടില്ല.
പലസ്തീൻ ജനതയ്ക്കെതിരായി ഇസ്രയേൽ മനപൂർവം ഒരു 'പട്ടിണി ക്യാമ്പയിൻ' നടത്തുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വാദം. ഇത് വംശഹത്യയുടെ ഭാഗമാണെന്നും ഗാസയിലുടനീളം പട്ടിണി പെരുകാൻ കാരണമായെന്നും യുഎൻ വ്യക്തമാക്കി.
ഇൻ്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പരിശോധിച്ചാൽ ഗാസയിലേക്കുള്ള സഹായ ലഭ്യത കുറഞ്ഞിട്ടില്ല എന്നത് വ്യക്തമാണ്. ഗാസ മുനമ്പിലെത്തുന്ന ഭക്ഷണങ്ങളും മറ്റ് സഹായ സാമഗ്രികളും തട്ടിയെടുത്തുകൊണ്ടാണ് ഇസ്രയേൽ ഗാസയിൽ ഭക്ഷ്യലഭ്യത കുറയുന്ന സാഹചര്യം സൃഷ്ടിക്കുന്നത്.
ഗാസയിൽ ഐക്യരാഷ്ട്രസഭ ഭക്ഷ്യക്ഷാമം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോൾ നടക്കുന്ന മരണങ്ങൾ പട്ടിണി മൂലമാണെന്നത് നിഷേധിക്കാനാവില്ലെന്ന് വിദഗ്ദർ വ്യക്തമാക്കി. ഒപ്പം ദുരന്തം ഒഴിവാക്കാൻ ലോകം ഒന്നും ചെയ്തിട്ടില്ലെന്ന പരിഹാസവും ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗത്ത് നിന്നും ഉയർന്നു.
യുദ്ധം ആരംഭിച്ച് ഒക്ടോബർ 7 മുതൽ 34 പലസ്തീനികൾ പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. മധ്യ ഗാസയിൽ ചികിത്സ നൽകിയിട്ട് പോലും കുട്ടികൾ മരിക്കുന്ന സാഹചര്യത്തിൽ വടക്കൻ ഗാസയിൽ നിന്ന് മധ്യ, തെക്കൻ ഗാസയിലേക്കും ക്ഷാമം പടർന്നു എന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.