
മ്യാൻമറിനെ പിടിച്ചുലച്ച ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. 7.7 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂകമ്പമാണ് മ്യാൻമറിലുണ്ടായത്. ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഏറ്റവും നൂതനമായ എർത്ത് ഇമേജിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അപൂർവമായി മാത്രമേ, ഐഎസ്ആർഒ പുറത്തുവിടാറുള്ളു. മ്യാൻമറിൻ്റെ തലസ്ഥാനമായ നയ്പിഡോയിലും, മറ്റ് പ്രദേശങ്ങളിലും ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്. മ്യാൻമറിൽ മാത്രമല്ല, അയൽ രാജ്യങ്ങളിലും,തായ്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു, ചില സ്ഥലങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ഭൂകമ്പം മുന്നൂറിലേറെ അണു ബോംബുകൾ ഒരുമിച്ച് ഉപയോഗിച്ചതിന് തുല്യമായ ഊർജമാണ് പുറത്തുവിട്ടതെന്ന് പ്രമുഖ അമേരിക്കൻ ജിയോളജിസ്റ്റ് പ്രതികരിച്ചു. ഉണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് താഴെയുള്ള യുറേഷ്യൻ പ്ലേറ്റുമായി ഇടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആണ് ഇത് സംഭവിക്കുന്നതെന്നും ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നു.
അതേസമയം, മ്യാൻമറിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ അവശിഷ്ടങ്ങൾക്കിടയിൽ ആളുകളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്. കഠിനമായ ചൂട് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. മാത്രവുമല്ല ചൂട് കൂടുന്നത് മൃതദേഹങ്ങൾ അഴുകുന്നത് ത്വരിതപ്പെടുത്തുമെന്നും ഇത് തിരിച്ചറിയൽ ബുദ്ധിമുട്ടാക്കുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.